മുംബൈ- അയൽക്കാരായ പൂനെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച് മുംബൈക്ക് ഈ ഐ.എസ്.എൽ സീസണിൽ ആദ്യ ജയം. മുംബൈ ഫുട്‌ബോൾ അരീനയിൽ ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.
25-ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ മൊദൂ സൗഗൂവാണ് മുംബൈയെ മുന്നിലെത്തിക്കുന്നത്. 45-ാം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് റഫായേൽ ബാസ്‌തോസ് ലീഡ് മെച്ചപ്പെടുത്തി. ഈ സീസണിലെ ആദ്യ പെനാൽറ്റി ഗോളായിരുന്നു അത്.
എന്നാൽ സീസണിൽ ആദ്യമായി പെനാൽറ്റി കിക്ക് പാഴാക്കുന്നതും ഈ മത്സരത്തിൽ കണ്ടു. ഇൻജുറി ടൈമിൽ ലൂഷ്യൻ ഗോയിയാന്റെ കിക്ക് ഒന്നാന്തരമായി പൂനെ ഗോളി വിശാൽ കൈത്ത് രക്ഷപ്പെടുത്തുകയായിരുന്നു. അല്ലായിരുന്നെങ്കിൽ മുംബൈയുടെ വിജയ മാർജിൻ 3-0 ആയേനെ. ആദ്യ ജയം നേടിയതോടെ നാല് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ.
മത്സരത്തിൽ ആധിപത്യം പുലർത്തിയ മുംബൈ തന്നെയാണ് ആദ്യ ഗോളവസരം തുറന്നതും. പത്താം മിനിറ്റിൽ അർനോൾഡ് ഇസ്സോകോയുടെ തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോളാവേണ്ടതായിരുന്നു. പക്ഷെ പൂനെ ഡിഫൻഡർമാർ അത് രക്ഷപ്പെടുത്തി. പോളോ മച്ചാഡോയുടെ ഫ്രീ കിക്കിൽ നിന്നാണ് ഇസ്സോകോ ബൈസിക്കിൾ കിക്ക് തൊടുക്കുന്നത്.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ പൂനെക്കും അവസരം കിട്ടി. എമിലിയാനോ അൽഫാരോ നൽകിയ പാസ് പൂജാരി ഗോളിലേക്ക് പായിച്ചെങ്കിലും, മുംബൈ ഗോളി അമരീന്ദർ സിംഗ് പന്ത് കൈക്കുള്ളിലാക്കി.
25-ാം മിനിറ്റിൽ വിശാൽ കെയ്ത്തിന് പറ്റിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ഇടതു വിംഗിൽനിന്ന് മച്ചാഡോ പായിച്ച ക്രോസ് തടയാൻ വിശാലിന് കഴിഞ്ഞില്ല. പന്ത് പോസ്റ്റിൽ തട്ടി നേരെ സൗഗൂവിന് മുന്നിലേക്ക്. ഒരു പിഴവും വരുത്താതെ സെനഗളീസ് താരം പന്ത് വലയിലെത്തിച്ചു.
രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ഇസ്സോക്കോയുടെ മറ്റൊരു ഷോട്ട് വിശാൽ സമർഥമായി തടഞ്ഞു.