Sorry, you need to enable JavaScript to visit this website.

ഒന്നര വർഷത്തിനിടെ പത്തു ലക്ഷം വിദേശികൾക്ക്  തൊഴിൽ നഷ്ടപ്പെട്ടു

റിയാദ് - സൗദിയിൽ ഒന്നര വർഷത്തിനിടെ പത്തു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം രണ്ടാം പാദത്തിൽ 2,90,400 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഒന്നാം പാദത്തിൽ 2,34,200 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. 
ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലത്ത് ആകെ 5,24,600 വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം 4,66,000 വിദേശികൾ പ്രാദേശിക തൊഴിൽ വിപണിയിൽനിന്ന് പുറത്തു പോയിരുന്നു. 2017 ൽ തൊഴിൽ നഷ്ടപ്പെട്ടവരേക്കാൾ കൂടുതൽ വിദേശികൾക്ക് ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 2017 ജനുവരി ഒന്നു മുതൽ 2018 ജൂൺ 30 വരെയുള്ള ഒന്നര വർഷക്കാലത്ത് 9,90,600 വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. 
ഈ വർഷം രണ്ടാം പാദത്തിൽ സൗദി ഉദ്യോഗാർഥികളുടെ എണ്ണത്തിൽ 46,639 പേരുടെ വർധവുണ്ടായി. രണ്ടാം പാദത്തിൽ തൊഴിലന്വേഷകരുടെ എണ്ണം 11,18,801 ആയി ഉയർന്നു. തൊഴിലന്വേഷകരിൽ വനിതകളുടെ എണ്ണത്തിലാണ് കൂടുതൽ വർധനവ് രേഖപ്പെടുത്തിയത്. വനിതാ തൊഴിലന്വേഷകരുടെ എണ്ണത്തിൽ 34,238 പേരുടെ വർധനവുണ്ടായി. 
സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. ഒന്നാം പാദത്തിലും തൊഴിലില്ലായ്മ നിരക്ക് ഇതു തന്നെയായിരുന്നു. സൗദി പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ 7.6 ശതമാനമായി തുടർന്നു. എന്നാൽ സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ വർധനവ് രേഖപ്പെടുത്തി. രണ്ടാം പാദത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.9 ശതമാനത്തിൽ നിന്ന് 31.1 ശതമാനമായാണ് വർധിച്ചത്. സൗദികളും വിദേശികളും അടക്കം രാജ്യത്തെ മൊത്തം ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറഞ്ഞു. 
രാജ്യത്തെ ആകെ ജീവനക്കാരുടെ എണ്ണം 1,30,18,066 ആയി കുറഞ്ഞു. ആദ്യ പാദത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ആകെ ജീവനക്കാർ 1,33,33,513 ആയിരുന്നു. രണ്ടാം പാദത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ 3,15,447 പേരുടെ കുറവാണുണ്ടായത്. സൗദി ജീവനക്കാരുടെ എണ്ണത്തിൽ 25,066 പേരുടെ കുറവുണ്ടായി. ആദ്യ പാദത്തിൽ സൗദി ജീവനക്കാർ 31,50,409 ആയിരുന്നു. രണ്ടാം പാദത്തിൽ സൗദി ജീവനക്കാരുടെ എണ്ണം 31,25,343 ആയി കുറഞ്ഞു. സൗദി പുരുഷ ജീവനക്കാരുടെ എണ്ണത്തിൽ 14,787 പേരുടെയും വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 10,279 പേരുടെയും കുറവാണുണ്ടായത്. നിരവധി മേഖലകളിലേക്ക് സൗദിവൽക്കരണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ കുറക്കാൻ സാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

 

Latest News