Sorry, you need to enable JavaScript to visit this website.

സ്ത്രീ പ്രവേശം: പുതിയ റിവ്യൂ ഹരജിക്ക് പ്രസക്തിയില്ല -എ.പത്മകുമാർ 

തിരുവനന്തപുരം- ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് പുതിയ റിവ്യൂ ഹരജിക്ക് പ്രസക്തിയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എ.പത്മകുമാർ പറഞ്ഞു.
എന്നാൽ നിലവിലെ സ്ഥിതിഗതികൾ സുപ്രീം കോടതിയെയും ഹൈക്കോടതിയെയും ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർണായക ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് വിശദ റിപ്പോർട്ട് തയാറാക്കി സുപ്രീം കോടതിയിൽ സമർപ്പിക്കും. കേസിൽ കേരളത്തിന് വേണ്ടി നേരത്തെ ഹാജരായ അഡ്വ.മനു അഭിഷേക് സിങ്‌വിയെത്തന്നെ ഇതിനു വേണ്ടി ചുമതലപ്പെടുത്തും. ഇതോടൊപ്പം ഹൈക്കോടതിയിലും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
കോടതിയിൽ റിപ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലുമായും മനു അഭിഷേക് സിങ്‌വിയുമായും ബോർഡ് ചർച്ച ചെയ്യും. കോടതിയിൽ ഏതു രീതിയിൽ റിപ്പോർട്ട് കൊടുക്കാൻ കഴിയുമെന്ന് പരിശോധിക്കും. നിയമപരമായി എങ്ങനെ നീങ്ങണമെന്ന് മുഖ്യമന്ത്രിയുമായി സംസാരിക്കും. ശബരിമല വിഷയത്തിൽ ബോർഡിന്റെ ആത്മാർഥതയെ ചോദ്യം ചെയ്യേണ്ടതില്ല. ഇക്കാര്യത്തിൽ വെല്ലുവിളി നടത്താൻ ബോർഡിനു കഴിയില്ല. ദേവസ്വം ബോർഡ് അംഗം കെ.രാഘവനെ ബോർഡ് യോഗത്തിലേക്കു ക്ഷണിക്കാതിരുന്നത് അദ്ദേഹത്തിന്റെ കാലാവധി ഇന്നലെ കഴിഞ്ഞതിനാലാണെന്ന് പത്മകുമാർ പറഞ്ഞു.
നിലവിൽ ശബരിമല വിഷയത്തിൽ 25ൽ അധികം പുനഃപരിശോധനാ ഹരജികൾ സുപ്രീം കോടതിയുടെ മുന്നിൽ വന്നിട്ടുണ്ട്. ഇതിലെല്ലാം ബോർഡ് കക്ഷിയാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ബോർഡിന്റെ നിലപാട് തേടുമ്പോൾ ബോർഡ് അറിയിക്കും. കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത ബോർഡിനുണ്ട്. ഒപ്പം ശബരിമലയിൽ ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ സന്ദർശനം നടത്താനാകണമെന്ന കേന്ദ്രത്തിന്റെ നിർദേശവുമുണ്ട്. 
എന്നാൽ നിലവിൽ അവിടെ വളരെ വ്യക്തമായ ധാരണയോടെ ഭക്തരായ ജനങ്ങൾ എന്നതു മാറി ചില കാര്യങ്ങൾ നടക്കുന്നുണ്ട്. ശബരിമലയെ ആ നിലയിലേക്കു മാറ്റാൻ ബോർഡിന് ആഗ്രഹമില്ല. ശബരിമലയിലേക്ക് ഭക്തർ പോകുന്നത് സമാധാനത്തിനു വേണ്ടിയാണ്. അവിടമൊരു കലാപ ഭൂമിയാക്കാൻ ആഗ്രഹിക്കുന്നില്ല. സംയമനത്തോടെ നിലപാട് ഭക്തർ സ്വീകരിക്കണം. ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കളിക്കാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും തെളിയിക്കാൻ വേണ്ടി ശബരിമല കയറാനെത്തുന്നതിനോടു യോജിക്കാനാകില്ല. അടിയന്തരമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുമെന്നും പത്മകുമാർ വ്യക്തമാക്കി.

 

Latest News