Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 മൂന്നു സഹോദരങ്ങൾ മുങ്ങിമരിച്ചു

ആനക്കര- കുമ്പിടി കാങ്കപ്പുഴ കടവിൽ മൂന്ന് സഹോദരങ്ങൾ മുങ്ങി മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. തവനൂർ പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് ചെറുവത്തൂർ വീട്ടിൽ മൊയ്തീൻ-ഖദീജ ദമ്പതികളുടെ മക്കളായ ഷാക്കിർ (20), ജുമാന (14), ജാസിം (12) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട കുമ്പിടി പുഴയ്ക്കൽ വീട്ടിൽ സെയ്തലവിയുടെ മകൻ ജുനൈദിനെ (21) പുഴയിൽ കുളിച്ചു കൊണ്ടിരുന്നവർ രക്ഷപ്പെടുത്തി.
കുമ്പിടി ഉമ്മത്തൂരിലെ ചെറിയമ്മയുടെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. പുഴയിൽ കുളിക്കുന്നതിനിടയിൽ ഒരാൾ ഒഴുക്കിൽപെട്ടു. ഇയാളെ രക്ഷപ്പെടുത്താനുളള ശ്രമത്തിനിടയിലാണ് മറ്റു മൂന്ന് പേരും ഒഴുക്കിൽപെട്ടത്. എന്നാൽ രക്ഷപ്പെട്ട ജുനൈദിന്റെ നിലവിളിയെ തുടർന്നാണ് പുഴയിൽ കുളിച്ചു കൊണ്ടിരുന്നവർ സംഭവം അറിയുന്നത്. തുടർന്ന് ജുനൈദിനെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് മൂന്ന് പേരെ രക്ഷിക്കാനായില്ല. കഴിഞ്ഞ വെളളപ്പൊക്കത്തിൽ പുഴയുടെ ഗതി മാറിയതിനെ തുടർന്ന് അപകടം നടന്ന സ്ഥലത്ത് വളരെ ആഴമുണ്ടായിട്ടുണ്ട്.
അപകടത്തെ തുടർന്ന് നാട്ടുകാർ, തൃത്താല പോലീസ്, ഫയർ ഫോഴ്‌സ്, സന്നദ്ധ സംഘടനകൾ, മലപ്പുറം, പാലക്കാട് ജില്ലകളിലെ ട്രോമാ കെയർ, പൊന്നാനി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് എത്തിയ മത്സ്യ തൊഴിലാളികൾ, മുങ്ങൽ വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും രാത്രി 12 മണിയോടെ തിരച്ചിൽ നിർത്തിവെച്ചു.
പിന്നീട് വെളളിയാഴ്ച രാവിലെ ആറു മണിയോടെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. രാവിലെ 8.30 ഓടെ അപകടം നടന്ന സ്ഥലത്ത് ഷാക്കിറിന്റെ (20) മൃതദേഹം കണ്ടെത്തി. തുടർന്ന് ഉച്ചക്ക് ഒരു മണിയോടെ അപകടം നടന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റർ അകലെ ജുമാനയുടെ മൃതദേഹവും കണ്ടെത്തി. ഷാക്കിർ ബാംഗ്ലൂരിൽ ബി.ബി.എ. രണ്ടാം വർഷ വിദ്യാർഥിയാണ്. കോളേജ് അവധിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ജുമാന അയിങ്കലത്തെ സ്വകാര്യ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ജാസിം മാണൂർ അറബിക് കോളേജിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മന്ത്രി കെ.ടി.ജലീൽ, വി.ടി.ബൽറാം എം.എൽ.എ എന്നിവർ സംഭവസ്ഥലത്ത് എത്തി.
 

Latest News