Sorry, you need to enable JavaScript to visit this website.

ഒടിഞ്ഞ കാലുകളുമായി അനങ്ങാനാവാതെ ദുരിതത്തില്‍; പൊതുമാപ്പിന് സഹായം തേടി പ്രവാസി മലയാളി യുവാവ്

അബുദാബി- ജോലിക്കിടെ കോണിയില്‍ നിന്നും വീണ് നടുവും കാലുകളുമൊടിഞ്ഞ മലയാളി യുവാവ് വീസാ കാലാവധി തീര്‍ന്ന് നാട്ടിലേക്കു മടങ്ങാനാവാതെ ദുരിതത്തില്‍. പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുമെങ്കിലും നേരാംവണ്ണം നടക്കാനോ ഇരിക്കാനോ കഴിയാത്തതിന്റെ പേരില്‍ എംബസിയിലേക്കോ പൊതുമാപ്പ് കേന്ദ്രത്തിലേക്കോ നേരിട്ടു പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്ന 26-കാരനായ ഖാദര്‍ മുഹമ്മദ് അദ്‌നാന്‍ ദുരിത കഥ ഖലീജ് ടൈംസാണ് പുറത്തു കൊണ്ടുവന്നത്. വീസ റദ്ദാക്കി നാട്ടിലേക്കു മടങ്ങാനിരുന്നതിന്റെ മൂന്ന് ദിവസം മുമ്പ് കഴിഞ്ഞ ഓഗസ്റ്റിലാണ് അദ്‌നാന്‍ ജോലി സ്ഥലത്ത് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. മാസത്തിലേറെ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഇരുപത് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ഇപ്പോള്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ കഴിയില്ല. രണ്ടു കാലുകളും അപകടത്തില്‍ ഒടിഞ്ഞിരുന്നു. നടുവിനേറ്റ ഗുരുതര പരിക്ക് ചികിത്സ ഭേദമാക്കിയെങ്കിലും ദീര്‍ഘനേരം ഇരിക്കാന്‍ കഴിയുന്നില്ലെന്നും അദ്‌നാന്‍ പറയുന്നു. അപകടത്തില്‍ ബോധം നഷ്ടമായ താന്‍ കണ്ണു തുറക്കുമ്പോള്‍ അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രിയിലായിരുന്നു. ഇവിടെ നിന്ന് പിന്നീട് മഫ്‌റഖ് ഹോസ്പിറ്റലിലേക്കു മാറ്റി. അഞ്ചു ശസ്ത്രക്രികള്‍ ചെയ്തു. ഇപ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെ അല്‍പ്പം നടക്കാന്‍ കഴിയും- അദ്‌നാന്‍ പറയുന്നു. 

വീസ കാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ടിക്കറ്റും എടുത്തിരുന്നു. എന്നാല്‍ അപകടം എല്ലാ പദ്ധതികളും തെറ്റിച്ചു. ജോലിയെടുത്തിരുന്ന നിര്‍മ്മാണസ്ഥലത്തെ കോണിയില്‍ നിന്ന് തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്. 

ഒമ്പതു വര്‍ഷം മുമ്പ് ഒരു അറബ് കുടുംബത്തിലെ പാചകക്കാരനായാണ് അദ്‌നാന്‍ യുഎഇയിലെത്തിയത്. ഈ വിസ റദ്ദാക്കപ്പെട്ട ശേഷം കിട്ടുന്ന ജോലികളെല്ലാം ചെയ്തു വരികയായിരുന്നു. രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ച കടം കുടുംബത്തിന്റെ വലിയ ബാധ്യതയായി തുടരുകയാണ്. ഞാനാണ് കുടുംബത്തിന്റെ ഏക ആശ്രയം. എന്റെ ഇപ്പോഴത്തെ അവസ്ഥ അവരെ അറിയിക്കാന്‍ പോലും പറ്റിയ അവസ്ഥയിലല്ല ഞാന്‍- അദ്‌നാന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

പാസ്‌പോര്‍ട്ടില്ലാത്തതാണ് അദനാനെ അലട്ടുന്നത്. ഒരു കവറിലിട്ട് കൂടെ കൊണ്ടു നടന്നിരുന്ന പാസ്‌പോര്‍ട്ട് അപകടം നടന്ന ദിവസം നഷ്ടപ്പെട്ടു. ബോധം തെളിയുമ്പോള്‍ ആശുപത്രിയിലായിരുന്നു. രണ്ടു മാസമായി പാസ്‌പോര്‍ട്ടില്ല. ഇനിയത് തെരഞ്ഞ് കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുമില്ല. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് എംബസിയെ സമീപിക്കാനും പൊതുമാപ്പിന് അപേക്ഷിക്കാനുമുള്ള സഹായമാണ് തനിക്കു വേണ്ടതെന്ന് അദ്‌നാന്‍ പറയുന്നു. 

ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ എന്റെ കയ്യില്‍ മറ്റു വസ്ത്രങ്ങളോ മൊബൈല്‍ ഫോണോ പോലുമില്ല. എങ്ങനെ മുന്നോട്ടു പോകുമെന്നോ ചികിത്സ മുന്നോട്ടുകൊണ്ടു പോകുമെന്നോ ഒരു പിടിയുമില്ല. ഇനി നാട്ടില്‍ എത്തിക്കിട്ടിയാല്‍ മതി. നടക്കാനാവാത്തതാണ് വലിയ പ്രയാസം- അദനാന്‍ തന്റെ ദുരിതം വിവരിച്ചു. 


 

Latest News