റിയാദ് - രാജ്യത്തെ എയർപോർട്ടുകളിലൂടെ യാത്ര ചെയ്യുന്നവർ ഷോർട്‌സ് ധരിക്കുന്നതിനുള്ള വിലക്ക് ബന്ധപ്പെട്ടവർ എടുത്തുകളഞ്ഞതായി അഭിജ്ഞ വൃത്തങ്ങൾ വെളിപ്പെടുത്തി. ഷോർട്‌സ് അടക്കമുള്ള ചില പ്രത്യേകയിനം വസ്ത്രങ്ങൾ വിമാന യാത്രക്കാർ ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നവരെ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് അനുവദിച്ചിരുന്നില്ല.
പുതിയ തീരുമാന പ്രകാരം യാത്രക്കാരുടെ വേഷവിധാനവുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ സർക്കുലറുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്. പൊതു സംസ്‌കാരത്തിനും അഭിരുചിക്കും നിരക്കുന്ന ഏതിനം വസ്ത്രവും വിമാന യാത്രക്കാർക്ക് ധരിക്കാവുന്നതാണ്. യാത്രക്കാരുടെ വേഷവിധാനങ്ങൾ പൊതു സംസ്‌കാരത്തിനും അഭിരുചിക്കും നിരക്കുന്നതാണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിട്ടുണ്ട്.