റിയാദ് - ഷോപ്പിംഗ് മാളുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണത്തിന് സഹായകമായ പദ്ധതികള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഷോപ്പിംഗ് മാളുകളില്‍ സ്വയം തൊഴില്‍ സംരംഭമെന്ന നിലയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന സൗദി യുവാക്കള്‍ക്ക് ലഘു വ്യവസ്ഥകളോടെ 10 ലക്ഷം റിയാല്‍ വരെ വായ്പകള്‍ ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
മാളുകളില്‍ പുതുതായി നിയമിക്കുന്ന സൗദികളുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് മാനവ ശേഷി വികസന നിധിയിനിന്ന് നല്‍കും. സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് വേതനയിനത്തില്‍ പ്രതിമാസം മൂവായിരം റിയാല്‍ വരെ വീതം നിശ്ചിത കാലത്തേക്ക് സഹായം നല്‍കും. സ്ഥാപനങ്ങള്‍ വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിനുള്ള പ്രോത്സാഹനമെന്നോണമാണ് ഈ സഹായം.
ഷോപ്പിംഗ് മാളുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അടുത്ത മുഹറം ഒന്നു മുതല്‍ അല്‍ഖസീം പ്രവിശ്യയില്‍ പദ്ധതി നടപ്പാക്കിത്തുടങ്ങും. തൊഴില്‍ വിപണിയിലെ സ്ഥിതിഗതികളും ഉദ്യോഗാര്‍ഥികളുടെ ലഭ്യതയും നോക്കി മറ്റു പ്രവിശ്യകളിലും വൈകാതെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കും.