Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ കമ്യൂണിസ്റ്റ് ആരോഗ്യം  പരീക്ഷിക്കപ്പെടുന്ന നാളുകൾ 

പ്രത്യയശാസ്ത്ര പ്രചോദിതനായി മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന  നിലപാടുകൾ   അദ്ദേഹത്തിന്റെ പാതയിൽ വിശ്വസിക്കുന്നവരെയെല്ലാം ആവേശത്തിലല്ല, അത്യാവേശത്തിൽ തന്നെ ചെന്നെത്തിക്കുന്നുണ്ട്.  ഉദാഹരണങ്ങളിതാ ഹരജി പുറത്ത്.  യു.എ.ഇ പര്യടനത്തിന് പോകുന്നതിന്റെ തലേ ദിവസം അദ്ദേഹം തിരുവനന്തപുരം  പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ സുദീർഘമായ പ്രസംഗം കേട്ട് ആവേശഭരിതരായവരൊന്നും ചില്ലറക്കാരൊന്നുമല്ല. അവരിൽ ഏറ്റവും തലയെടുപ്പുള്ളയാൾ എൻ.എസ്.മാധവനായിരിക്കും. മാധവന്റെ  മൂർച്ചയുള്ള ട്വിറ്ററിലെ ആവേശ വചനങ്ങളുടെ മൊഴിമാറ്റം  ഇങ്ങനെ; തീർച്ചയായും ചരിത്രത്തിന് കേരളത്തോട് നല്ല കനിവുണ്ട്.   തീവ്ര വർഗീയ ധ്രുവീകരണത്തിന്റെ  ഈ കാലത്തു സംസ്ഥാനത്തെ നയിക്കാൻ പിണറായിയെയല്ലാതെ മറ്റാരെയും കാണുന്നില്ല. കേരളം എന്ന ആശയം അദ്ദേഹത്തിൽ സുരക്ഷിതം. 
പ്രസംഗം തത്സമയം കേട്ട് ആവേശ ട്വീറ്റ് കുറിച്ച മാധവന്റെ   വാക്കുകളിൽ കോർത്ത് ആവേശം കൊണ്ടവരിൽ ഒന്നാമൻ പിണറായി വിജയനെ ഇന്നത്തെ പദവിയിലെത്തിക്കാൻ ഒരുപാട് അധ്വാന പരിശ്രമങ്ങൾ നടത്തിയ എൻ.മാധവൻ കുട്ടി. മാധവൻ കുട്ടിയുടെ ആവേശം ഇങ്ങനെ വായിക്കാം:     എപ്പോഴാത്തെയും പോലെ സത്യം തുറന്നു പറയാൻ തയ്യാറായി മലയാളത്തിന്റെ  സ്വതന്ത്ര ഫാസിസ്റ്റു റ്വിരുദ്ധ മനഃസാക്ഷി എൻ.എസ് മാധവൻ. അഭിവാദ്യം മാധവൻ സഖാവേ.. അഭിവാദ്യം.
ഏറ്റവും പുതിയ സംഭവ ഗതികളിൽ പിണറായിയെ മാറോടണക്കുന്ന ചില പേരുകൾ കൂടി- കവി സച്ചിദാനന്ദൻ, സാറാ ജോസഫ്, ബാലചന്ദ്രൻ ചുള്ളിക്കാട്...   എല്ലാം മുഖ്യമന്ത്രിയുടെ വിശ്വാസ പരിവാറുകാർ.  ഇവരുടെയൊക്കെ പിന്തുണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എന്ത് ഗുണം ചെയ്യും എന്നാലോചിക്കുമ്പോഴാണ് കാര്യങ്ങൾ കീഴ്‌മേൽ മറിയുക. ഇപ്പറഞ്ഞ വിഭാഗത്തിൽ ആരും തന്നെ പോളിംഗ്  സ്‌റ്റേഷനിലെത്താനിട വന്നാൽ  അവരുടെ വോട്ട് മറ്റെവിടെയും കൊടുക്കുന്നവരല്ല. ഉറപ്പായും പിണറായിയുടെ പ്രത്യയശാസ്ത്ര പക്ഷത്ത് തന്നെ കിട്ടും. ഇടതു പക്ഷത്തിനല്ലാതെ ഈ വിഭാഗം  വോട്ടു ചെയ്തിട്ടുണ്ടാകുമോ എന്ന് പോലും സംശയമായിരിക്കും. ചെറിയ മാറ്റം ടി.പി ചന്ദ്രശേഖരൻ വധക്കാലം മാത്രമായിരുന്നു.  അവിടെയാണ് പിണറായിയോളം  ചിന്താ ഔന്നത്യമൊന്നുമില്ലാത്ത പി.കെ ശ്രീമതി ടീച്ചറുടെ വാക്കുകൾ വിലയിരുത്തപ്പെടേണ്ടത്. ഓർക്കുക, കേരളത്തിലെ വോട്ടർമാരിൽ 51.09  ശതമാനം പേർ സ്ത്രീകളാണെന്നാണ് ഏറ്റവും പുതിയ കണക്ക്. സ്ത്രീ ആവേശം കത്തിച്ചു നിർത്താൻ പറ്റുന്ന എന്തും  ഈ മാർക്കറ്റിൽ അതിവേഗം വിറ്റുപോകും. അങ്ങനെ വിറ്റതിന്റെ ഉൽപന്നമാണ് ഇപ്പോഴത്തെ ഇടതു സർക്കാർ. മതന്യൂനപക്ഷ നിലപാടിന്  പുറമെ ജിഷ വധം, സരിത നായരുമായി ബന്ധപ്പെട്ട വലിയ പ്രചാരണങ്ങൾ എല്ലാം ചേർന്നപ്പോൾ 1.29 കോടി വരുന്ന സ്ത്രീ വോട്ടർമാരിൽ നല്ല പങ്ക് എൽ.ഡി.എഫിന് വോട്ടു ചെയ്തിരിക്കാം.  അങ്ങനെ വോട്ടു ചെയ്യുമ്പോൾ അവരുടെ മനസ്സിൽ പിണറായി വിജയൻ തന്നെയായിരുന്നോ മുഖ്യമന്ത്രി എന്നൊന്നും ഉറപ്പില്ല. എന്തായാലും സ്ത്രീ രക്ഷാ പക്ഷമായ ഇടതുപക്ഷമെന്നല്ലാതെ മറ്റൊന്നും  അവരുടെ മനസ്സിൽ വരില്ല -അതുറപ്പ്.
ഇവിടെയാണ് കണ്ണൂർ എം.പി കൂടിയായ പി.കെ. ശ്രീമതി ടീച്ചറുടെ ഇക്കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലെ ചോദ്യം പ്രസക്തമാകുന്നത്. ഇത്ര തിരക്കിട്ട് ശബരിമലയിലേക്ക് പോകാൻ നിൽക്കുന്ന യുവതികളുടെ കാര്യത്തിൽ വലിയ സംശയം തന്നെ അവർ പ്രകടിപ്പിക്കുകയുണ്ടായി. ബോധപൂർവ്വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമല്ലേ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടതുണ്ടെന്നും ടീച്ചർ പക്വമതിയാകുന്നത് കേൾക്കാമായിരുന്നു.  വളരെ ശ്രദ്ധിച്ചാണ് ഈ വിഷയത്തിൽ പി.കെ.ശ്രീമതി ടീച്ചർ നേരത്തെയും പ്രതികരിച്ചിരിക്കുന്നതെന്ന് അവരുടെ മറ്റ് വാക്കുകളും തെളിവാകുന്നു. ശബരിമലയുമായി ബന്ധപ്പെട്ട സമരത്തിൽ നാമജപ ഘോഷയാത്രയിൽ കുറെ സ്ത്രീകളുടെ പങ്കാളിത്തമുണ്ടെന്ന് സമ്മതിക്കുന്ന  ടീച്ചർ പക്ഷേ സ്ത്രീകളുടെ മനസ്സ് മുഴുവൻ ഇതിലർപ്പിതമായിരിക്കുന്നുവെന്ന് ഞങ്ങൾ കരുതുന്നില്ലെന്ന് ഉറപ്പിക്കുകയാണ്. എല്ലാ കാലത്തും സ്ത്രീകൾക്ക് വേണ്ടി പോരാടുന്നവർ ഇടതുപക്ഷമല്ലേ എന്ന ചോദ്യത്തിലും യുവതികൾ ധിറുതിപിടിച്ച് അങ്ങോട്ട് പോയത് ഭക്തി കൊണ്ടല്ലെന്ന കുറ്റപ്പെടുത്തലടങ്ങിയ നിഗമനത്തിലും ആവേശത്തിനപ്പുറമുള്ള രാഷ്ട്രീയമുണ്ട്. 
കത്തി നിൽക്കുന്ന വിഷയത്തിൽ സ്ത്രീ മനസ്സ് മനസ്സിലാക്കിയിട്ടായിരിക്കില്ലേ ആദ്യ ഘട്ടത്തിൽ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ  മറ്റൊരു നിലപാട് സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി പത്മകുമാറിനെ രൂക്ഷമായി തിരുത്തുകയായിരുന്നു.  തന്റെ വീട്ടിലെ ഭക്തിമാർഗത്തിലുള്ള സ്ത്രീകളെപ്പറ്റിയെല്ലാം പറഞ്ഞുകൊണ്ടായിരുന്നു പത്മകുമാറിന്റെ അന്നത്തെ നിലപാട്. അതൊക്കെ പക്ഷേ പിണറായി വിജയന്റെ ഉറച്ച സമീപനത്തിന് മുന്നിൽ ഒന്നുമല്ലാതായിപ്പോയി.  പത്മകുമാർ ശരിക്കും വിരണ്ടുപോയിരുന്നു.
ഒട്ടു മിക്ക കമ്യൂണിസ്റ്റ് നേതാക്കളുടെയും വീട്ടുകാർ അമ്പലത്തിലോ, ആരാധനാലയങ്ങളിലോ പോകുന്നവരാണെന്നത് കേരളം അറിഞ്ഞനുഭവിക്കുന്ന സംഗതി. എന്തിന് ഇപ്പോൾ കോലാഹലം നടക്കുന്ന ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലും കൂടുതൽ ആളുകൾ സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് ആർക്കാണറിയാത്തത്. പയ്യന്നൂരിലും കൂത്തുപറമ്പിലുമെല്ലാമുള്ള സ്വന്തം സഖാക്കളയായ വനിതകളുടെ ചിന്താഗതി മനസ്സിലാക്കിയിട്ടായിരിക്കില്ലേ ടീച്ചർ ഇങ്ങനെ പറയുന്നത്. ശബരിമലയെ ഹൃദയത്തോട് ചേർത്ത് നിർത്തി തന്നെയാണ് ബന്ധു കൂടിയായ മന്ത്രി  ഇ.പി ജയരാജനും സംസാരിച്ചതെന്നോർക്കണം.
ഒരു കാര്യം ഉറപ്പാണ്. കുറച്ച് കാലം മുമ്പ് വി.എസ്  വലിയ തോതിലുള്ള മാധ്യമ പിന്തുണയോടെ കൂടെ നിർത്തിയ കമ്യൂണിസ്റ്റ് മൗലിക വാദികളുടെയും സ്ഥിരം പൊതു ബോധക്കാരുടെയും  മനസ്സ് ഇതിനോടകം പിണറായി  അതൊന്നുമില്ലാതെ കൂടെ കൂട്ടിയിരിക്കുന്നു.
'വി യെസ്'  ഞങ്ങൾ ജനങ്ങളാണ് ശരി എന്ന് മുദ്രാവാക്യം മുഴക്കിയവർ ഇപ്പോൾ പിണറായി 'യെസ്'   എന്ന് തിരുത്തുന്നുണ്ടാകാം.
അതൊക്കെ ശരി, പിണറായിയുടെ നിലപാടിനൊപ്പം നിൽക്കാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം കേരളത്തിനുണ്ടോ? അതാണ് യഥാർഥ ചോദ്യം.  കാത്തിരുന്ന് കാണാമെന്നേ പറയാൻ പറ്റൂ.  
 

Latest News