കൊച്ചി- നടിയെ അക്രമിച്ച കേസിൽ നിയമനടപടി നേരിടുന്ന നടൻ ദിലീപ് താരസംഘടനയായ അമ്മയിൽനിന്ന് രാജിവെച്ചതായി അമ്മ പ്രസിഡന്റ് മോഹൻലാൽ. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലാൽ ഇക്കാര്യം വ്യക്തമാക്കിയത്. വനിതാതാരങ്ങളുടെ സംഘടനയായ ഡബ്യു.സി.സിയുടെ ആവശ്യപ്രകാരമാണ് രാജി ആവശ്യപ്പെട്ടതെന്നും മോഹൻലാൽ പറഞ്ഞു. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നം പരിഹരിക്കാൻ സ്ഥിരം സംവിധാനവുമുണ്ടാക്കി. കെ.പി.എ.സി ലളിത, കുക്കു പരമേശ്വരൻ, കവിയൂർ പൊന്നമ്മ എന്നിവരാണ് അംഗങ്ങൾ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നും തങ്ങൾ പതറിനിൽക്കുകയാണെന്നും ലാൽ പറഞ്ഞു. നാലു പേർ രാജിവെച്ചുവെന്നതല്ല പ്രശ്‌നം. അതേസമയം, ഉടൻ ജനറൽ ബോഡി വിളിക്കേണ്ട ആവശ്യമില്ലെന്നും ലാൽ വ്യക്തമാക്കി. ദിലീപിന്റെത് ഒരു വലിയ പ്രശ്‌നമായിരുന്നു. രാജിയോടെ ഇക്കാര്യം പരിഹരിച്ചുവെന്നും ലാൽ വ്യക്തമാക്കി.