സന്നിധാനം- ശബരിമലയില്‍ പതിനെട്ടാം പടി കയറി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ നടയടക്കുമെന്ന് തന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ യുവതികള്‍ മടങ്ങി. ശക്തമായ പ്രതിഷേധത്തിനിടെയാണ് പോലീസ് സുരക്ഷയൊരുക്കി രണ്ടു യുവതികളെ സന്നിധാനത്തിനടുത്ത നടപ്പന്തല്‍ വരെ എത്തിച്ചത്. പ്രതിഷേധക്കാര്‍ വഴങ്ങാതെ വന്നതോടെ പോലീസിനു ഒന്നും ചെയ്യാനായില്ല. സംഘര്‍ഷമുണ്ടാക്കി യുവതികളെ സന്നിദാനത്തേക്ക് കയറ്റില്ലെന്ന് ഐ.ജി എസ്. ശ്രീജിത്ത് വ്യക്തമാക്കി. അതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും യുവതികളുടെ വരവിനെ വിമര്‍ശിച്ചതോടെ പ്രതിഷേധനം കനത്തു. പതിനെട്ടാം പടിക്കു താഴെ ശാന്തിമാരും പരികര്‍മികളും പ്രതിഷേധം ശക്തമാക്കിയതോടെ മുന്നോട്ടു പോകാനാവില്ലെന്നു യുവതികള്‍ക്ക് ബോധ്യമായി. ഇതോടെയാണ് മടങ്ങാന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് വീടു വരെ ശക്തമായ സുരക്ഷ ഒരുക്കുമെന്ന് പോലീസ് ഉറപ്പു നല്‍കി. തന്ത്രി കണ്ഠരര് രാജീവരുമായി ഐ.ജി ശ്രീജിത്ത് സംസാരിച്ചിരുന്നു. യുവതികള്‍ ശ്രീകോവിലിനു മുന്നിലെത്തിയാല്‍ നട അടക്കേണ്ടി വരുമെന്ന് തന്ത്രി അദ്ദേഹത്തെ അറിയിച്ചിരുന്നു.
എറണാകുളം സ്വദേശി മോഡലും ആക്ടിവിസ്റ്റുമായ രഹന ഫാത്തിമ, ആന്ധ്രയില്‍ നിന്നെത്തിയ ടിവി റിപോര്‍ട്ടര്‍ കവിത എന്നിവരാണ് സന്നിധാനത്ത് ദര്‍ശനത്തിന് ശ്രമിച്ചത്. അതിനിടെ രഹനയുടെ എറണാകുളം പനമ്പള്ളി നഗറിലുള്ള വീടിനു നേരെ പ്രതിഷേധക്കാരുടെ ആക്രമണം ഉണ്ടായി.