Sorry, you need to enable JavaScript to visit this website.

പാചകവാതക വിതരണം: അൻപത്  ഏജൻസികൾക്ക് കൂടി അനുമതി

കോഴിക്കോട് - സംസ്ഥാനത്ത് അൻപത് പുതിയ പാചകവാതക വിതരണ ഏജൻസികൾക്ക് കൂടി അനുമതി നൽകിയതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) പാചകവാതക വിഭാഗം സംസ്ഥാന തലവനും ജനറൽ മാനേജരുമായ സി.എൻ. രാജേന്ദ്രകുമാർ അറിയിച്ചു. 
ഉപഭോക്താക്കൾക്ക് കാലതാമസമില്ലാതെ പാചകവാതകം എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരോ വർഷവും പത്തു ശതമാനം ഉപഭോക്താക്കളുടെ വർദ്ധനവാണ്  ഉണ്ടാകുന്നത്. നിലവിൽ 4.79 ലക്ഷം ഉപഭോക്താക്കളും മൂന്ന് പ്ലാന്റുകളും 308 വിതരണ ഏജൻസികളുമാണ് ഐഒസിക്കുള്ളത്. പുതുവൈപ്പിനിലെ ടെർമിനലിന്റെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും  അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
പാചകവാതക ടാങ്കറുകൾ അപകടത്തിൽ പെട്ടാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങളുള്ള എമർജൻസി റസ്‌പോൺസബിൾ വാഹനം ഐഒസിയുടെ ചേളാരി പ്ലാന്റിൽ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ഒരു കോടി ഇരുപതു ലക്ഷം രൂപ വില വരുന്ന ഈ വാഹനം കൊച്ചി പ്ലാന്റിലും എത്തിച്ചിട്ടുണ്ട്. പാചകവാതകത്തിനൊപ്പം പെട്രോളിയവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളിൽ രക്ഷാപ്രർത്തനം നടത്താനും ഈ വാഹനത്തിന് കഴിയും. അധികം വൈകാതെ കൊല്ലം പ്ലാന്റിൽ ഇത്തരത്തിലുള്ള എമർജൻസി റസ്‌പോൺസബിൾ വാഹനം എത്തിക്കും.  നിലവിൽ ചേളാരി പ്ലാന്റിന്റെ വിപുലീകരണം ഉദ്ദേശിക്കുന്നില്ലെന്നും രാജേന്ദ്രകുമാർ അറിയിച്ചു. 2032 വരെ ആവശ്യമായ കപ്പാസിറ്റി നിലവിൽ പ്ലാന്റിനുണ്ട്. പ്രവർത്തനം ആരംഭിച്ച് 26 വർഷമായിട്ടും ഇതുവരെ യാതൊരു അപകടങ്ങളും ഉണ്ടാവാത്ത പ്ലാന്റാണിത്. അത്യാധുനിക സുരക്ഷാ മുൻകരുതലുകളും മാനദണ്ഡങ്ങളും ചേളാരി പ്ലാന്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐഎസ്ഒ 14001, ഐഎസ്ഒ 50001 സർട്ടിഫിക്കറ്റുകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സതേൺ റീജിയൻ മാർക്കറ്റിംഗ് ഡിവിഷൻ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ സബിത നടരാജ്, ചേളാരി പ്ലാന്റ് മാനേജർ തോമസ് ജോർജ് ചെറായിൽ, ചീഫ് ഏരിയ മാനേജർ എസ്.എസ്.ആർ. കൃഷ്ണമൂർത്തി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

Latest News