Sorry, you need to enable JavaScript to visit this website.

'അമ്മ' എക്‌സിക്യൂട്ടീവ് ശനിയാഴ്ച,  വിഷയം സിദ്ദീഖ്-ജഗദീഷ് പോര് 

കൊച്ചി - താരസംഘടനയായ എഎംഎംഎയുടെ അവൈലബിൾ എക്സിക്യൂട്ടീവ് ശനിയാഴ്ച ചേരും. കൊച്ചിയിൽ വെച്ച് മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിന്റെ മുഖ്യ അജണ്ട വനിതാ കൂട്ടായ്മ നടത്തിയ വാർത്താ സമ്മേളനത്തോട് വിരുദ്ധ നിലപാടുകളുമായി പ്രതികരിക്കുകയും പരസ്പരം വെല്ലുവിളിക്കുകയും ചെയ്ത അമ്മ സെക്രട്ടറി സിദ്ദീഖും ട്രഷറർ ജഗദീഷും തമ്മിലുള്ള തർക്കം തീർക്കുക എന്നതാണ്. ജഗദീഷ് ഇറക്കിയ വാർത്താക്കുറിപ്പിൽ ദിലീപിനെ ന്യായീകരിക്കാതിരിക്കുകയും വനിതാ കൂട്ടായ്മക്കെതിരെ മൃദുസമീപനം സ്വീകരിക്കുകയും ചെയ്തപ്പോൾ തൊട്ടുപിന്നാലെ വാർത്താ സമ്മേളനം നടത്തിയ സിദ്ദീഖും കെ പി എ സി ലളിതയും ദിലീപിന് വേണ്ടി ശക്തമായ നിലപാടെടുക്കുകയും രാജിവെച്ച വനിതാ കൂട്ടായ്മക്കാരെ തിരിച്ചെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അമ്മ പ്രസിഡണ്ട് മോഹൻലാലിന്റെ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് ഇരുവരും പ്രസ്താവന നടത്തിയത്. താൻ അമ്മയുടെ ട്രഷററാണെന്ന ജഗദീഷിന്റെ വാദം സിദ്ദീഖ് തള്ളുകയും ചെയ്തു. എത്രയും വേഗം ജനറൽ ബോഡി വിളിക്കും എന്നു ജഗദീഷ് പറഞ്ഞതിനെ തള്ളിക്കളഞ്ഞ  സിദ്ദീഖ് അടിയന്തര ജനറൽ ബോഡി വിളിക്കേണ്ട ആവശ്യമില്ലെന്നും പറയുകയുണ്ടായി. എന്നാൽ സിദ്ദീഖിനെയും കെ പി എ സി  ലളിതയെയും രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള ജഗദീഷിന്റെ വാട്‌സ് ആപ്പ് ശബ്ദ സന്ദേശം പുറത്തു വന്നതോടെ ഭിന്നത രൂക്ഷമായി. പ്രസിഡണ്ടുമായി ചർച്ച ചെയ്ത് എടുത്ത നിലപാടാണ് താൻ പറയുന്നതെന്ന് വ്യക്തമാക്കിയ ജഗദീഷ്, ആരോപണ വിധേയനായ ദിലീപ് നായകനായ ചിത്രത്തിന്റെ സെറ്റിൽ വെച്ച് സിദ്ദീഖും ലളിതയും നടത്തിയ വാർത്താ സമ്മേളനത്തിന്റെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്യുകയുമുണ്ടായി. 
നാളത്തെ യോഗത്തിൽ മുഴുവൻ എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കില്ലെന്നാണ് സൂചന. പലരും അസൗകര്യം അറിയിച്ചിട്ടുണ്ട്. മോഹൻലാൽ നാളെ വിദേശത്തേക്ക് പോകുന്നതിനാലാണ് ഇന്ന് അവെയ്‌ലബിൾ എക്‌സിക്യൂട്ടീവ് വിളിച്ചിരിക്കുന്നത്. ചെറിയ സമയത്തിനുള്ളിൽ വിളിച്ചു ചേർത്ത യോഗമാണെന്നും അതിനാൽ എത്ര പേർക്ക് പങ്കെടുക്കാൻ സാധിക്കുമെന്നു പറയാറായിട്ടില്ലെന്നും സംഘടനയുടെ ട്രഷറർ ജഗദീഷ് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബർ 13 ന് സിനിമയിലെ വനിതാ സംഘടനയായ വിമൺ ഇൻ സിനിമാ കലക്ടീവ് അംഗങ്ങൾ കൊച്ചിയിൽ വിളിച്ചുകൂട്ടിയ വാർത്താ സമ്മേളനത്തിൽ, അമ്മയിൽ നിന്നും നിരന്തരം തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന നീതി നിഷേധത്തെക്കുറിച്ച് തുറന്നടിച്ചിരുന്നു. അതിനു പുറമെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തുന്നതിൽ അമ്മ നേതൃത്വം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഡബ്ല്യുസിസി പ്രസിഡന്റായ റീമ കല്ലിങ്കൽ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. വിശാല മാർഗരേഖകളുടെ അടിസ്ഥാനത്തിലുള്ള സമിതി രൂപീകരിക്കണമെന്നും ഇവർ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് കേരള സർക്കാരിനും എതിർകക്ഷികളായ അമ്മക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ സംഭവ വികാസങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് അമ്മ ഇന്ന് അവൈലബിൾ എക്സിക്യൂട്ടീവ് ചേരുന്നത്. 

 

Latest News