കണ്ണൂർ - ബൈപാസ് നിർമ്മാണ വിഷയത്തിൽ വിവാദമായ കീഴാറ്റൂർ വയലിൽ നെൽകൃഷി നടത്തുന്നതുമായി ബന്ധപ്പെട്ട് വയൽക്കിളികളും സി.പി.എം പ്രാദേശിക നേതൃത്വവും വീണ്ടും സംഘർഷത്തിലേക്ക്. ഈ വർഷം നെൽകൃഷി തുടരാൻ വയൽക്കിളികൽ തീരുമാനിക്കുകയും മുന്നൊരുക്കം നടത്തുകയും ചെയ്യുമ്പോൾ, ബൈപാസ് നിർമ്മാണത്തിനു വിട്ടു കൊടുത്ത ഭൂമിയിൽ നെൽകൃഷി നടത്താനനുവദിക്കില്ലെന്ന കർശന നിലപാടുമായാണ് സി.പി.എം നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ തുലാം പത്തിന് കൃഷി ആരംഭിക്കാൻ നിലമൊരുക്കൽ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരികയാണെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.
ദേശീയ പാത ബൈപാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത് ത്രിഡി നോട്ടിഫിക്കേഷൻ ഇറക്കിയ സ്ഥലമാണ് കീഴാറ്റൂർ വയൽ. സർക്കാരിനു വിട്ടു കൊടുത്ത സ്ഥലത്ത് കൃഷി ഇറക്കരുതെന്ന് സി.പി.എം ലോക്കൽ നേതൃത്വവും കർഷക സംഘവും കർഷകരുടെ വീടുകൾ കയറി ഇറങ്ങി ആവശ്യപ്പെട്ടതോടെയാണ് കൃഷി നടത്തുമെന്ന പ്രഖ്യാപനവുമായി വയൽക്കിളികൾ രംഗത്തിറങ്ങിയത്. നിലമൊരുക്കുന്നതിനു ട്രാക്ടർ അടക്കമുള്ളവയും എത്തിച്ചു. എന്നാൽ കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ പ്രവൃത്തി തടഞ്ഞു. തങ്ങൾ സർക്കാരിനു നൽകിയ സ്ഥലത്ത് കൈയേറി കൃഷി നടത്താനുള്ള നീക്കം തടയുമെന്നും പോലീസിൽ പരാതി നൽകുമെന്നും ഭൂമി വിട്ടു നൽകുന്നതിനു സമ്മത പത്രം നൽകിയ ഭൂവുടമകൾ പറഞ്ഞു.
എന്നാൽ ത്രിഡി നോട്ടിഫിക്കേഷൻ ഇറക്കിയ തൊട്ടടുത്തുള്ള കൂവോട് വയലിൽ പതിവു പോലെ നെൽകൃഷി ആരംഭിച്ചിട്ടുണ്ടെന്നും ഇതിനു സി.പി.എം നിയന്ത്രണത്തിലുള്ള പാടശേഖര സമിതിയാണ് നേതൃത്വം നൽകുന്നതെന്നും ഏറ്റെടുത്ത സ്ഥലത്തെ തെങ്ങുകളിൽ നിന്നും കള്ളു ചെത്തുന്നുണ്ടെന്നും കീഴാറ്റൂർ വയലിൽ മാത്രം കൃഷി പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നുമാണ് വയൽക്കിളികൾ പറയുന്നത്. തുലാം പത്തിനു കൃഷി ഇറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും വയൽക്കിളികൾ വ്യക്തമാക്കുന്നു.
കീഴാറ്റൂർ വയൽ ബൈപാസ് റോഡിനായി ഏറ്റെടുക്കുന്നതിനു മുമ്പ് വിഗദ്ധ സമിതി പഠനം നടത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്ഗരി വയൽക്കിളികൾക്കു ദില്ലിയിൽ നടത്തിയ ചർച്ചയിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ ദേശീയ പാത അതോറിറ്റിയുടെ സംഘം ആരുമറിയാതെ സന്ദർശനം നടത്തി റിപ്പോർട്ടു നൽകുകയായിരുന്നു. ബന്ധപ്പെട്ടവരിൽ നിന്നും വിവരങ്ങൾ തേടാതെയുള്ള ഈ തെളിവെടുപ്പിനെ അംഗീകരിക്കില്ലെന്നാണ് വയൽക്കിളികളുടെ നിലപാട്. ഈ ഉന്നത സമിതിയുടെ സന്ദർശനത്തിനു പിന്നാലെ സ്ഥലം ഏറ്റെടുത്ത് ത്രിഡി നോട്ടിഫിക്കേഷൻ ഇറക്കുകയും ചെയ്തു. എന്നാൽ വയലിലൂടെയുള്ള പാത നിർമ്മാണം എന്തു വില കൊടുത്തും ചെറുക്കുമെന്നാണ് വയൽക്കിളികളുടെ നിലപാട്.