Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബരിമല സ്ത്രീപ്രവേശം: സർക്കാർ നിലപാട് മയപ്പെടുത്തുന്നു 

തിരുവനന്തപുരം- ശബരിമലയും പരിസരപ്രദേശങ്ങളും സംഘർഷ ഭൂമിയായി മാറുന്ന സാഹചര്യത്തിൽ സർക്കാർ സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് മയപ്പെടുത്തുന്നു. 
സുപ്രീം കോടതി വിധിക്കനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന സർക്കാർ മാറിയ സാഹചര്യത്തിൽ പുനഃപരിശോധനാ ഹരജിക്ക് സന്നദ്ധരായേക്കും. ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. പുനഃപരിശോധനാ ഹരജി നൽകണമോയെന്ന വിഷയത്തിൽ ദേവസ്വം ബോർഡിന് തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രശ്‌നപരിഹാരത്തിന് വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ രംഗത്തു വന്നു. സമരം നിർത്താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹരജി നൽകിയാൽ സമരം നിർത്തുമോയെന്ന് സമരക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ സംഘടനാ നേതാക്കളുമായി സ്ത്രീപ്രവേശന വിഷയത്തിൽ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. തന്ത്രിസമാജം, പന്തളം കൊട്ടാരം, അയ്യപ്പസേവാസംഘം, അയ്യപ്പ സേവാ സമാജം, ശബരിമല തന്ത്രിമാർ, താഴമൺ കുടുംബം, യോഗക്ഷേമ സഭ എന്നിവരുടെ പ്രതിനിധികളുമായാണ് 16 ന് ദേവസ്വംബോർഡ് പ്രസിഡന്റ് ചർച്ച നടത്തിയത്. ബോർഡ് ചൊവ്വാഴ്ച തന്നെ പുനഃപരിശോധനാ ഹരജി നൽകണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ചേരുന്ന യോഗത്തിൽ നിയമവശം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നാണ് ബോർഡ് അധികാരികൾ വ്യക്തമാക്കിയത്. എന്നാൽ അതുവരെ നിലവിലെ സ്ഥിതി തുടരണമെന്ന് ചർച്ചക്കെത്തിയവർ ആവശ്യപ്പെട്ടു. ഇതിനോട് ദേവസ്വം ഭരണാധികാരികൾ യോജിക്കാതെ വന്നതോടെ പന്തളം രാജകുടുംബ പ്രതിനിധികൾ ഇറങ്ങിപ്പോകുകയായിരുന്നു. ചർച്ചക്കെത്തിയ മറ്റ് സംഘടനാ നേതാക്കളും ബോർഡിന്റെ നിലപാടിൽ പ്രതിഷേധിച്ച് പുറത്തു പോയതോടെ ചർച്ച തീരുമാനമാകാതെ പിരിയേണ്ടിവന്നിരുന്നു.
എന്നാൽ ഇന്ന് ചേരുന്ന യോഗത്തിൽ പുനഃപരിശോധനാ ഹരജിക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കും. പുനഃപരിശോധനാ ഹരജിയെ എതിർത്തിരുന്ന ബോർഡ് അംഗം കെ.രാഘവന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇന്നത്തെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. ബോർഡിന്റെ മറ്റൊരംഗമായ കെ.പി.ശങ്കരദാസ് ബോർഡ് പ്രസിഡന്റിന് ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ശബരിമല കർമ്മ സമിതിയുടെ പേരിൽ ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി ഹർത്താൽ നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. ക്രമസമാധാന നില തന്നെ തകരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. മാധ്യമ പ്രവർത്തകരെയും വ്യാപകമായി ആക്രമിച്ചിരുന്നു. ബി.ജെ.പി ഉൾപ്പെടെയുള്ള സംഘ പരിവാർ സംഘടനകളുടെ പിന്തുണ കൂടി ഹർത്താൽ അനുകൂലികൾ നേടിയെടുത്തതോടെ ശബരിമല സ്ത്രീ പ്രവേശന വിഷയം സംഘർഷ തലത്തിലേക്ക് നീങ്ങുന്ന സ്ഥിതിയിലാണ്. സുപ്രീം കോടതി വിധിയെ തുടക്കത്തിൽ അനുകൂലിച്ചിരുന്ന ആർ.എസ്.എസ് നിലപാടിൽ മലക്കം മറിച്ചിൽ നടത്തുകയും ചെയ്തു. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും യു.ഡി.എഫും ഭക്തർക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യക്ഷ സമരത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നില്ലെങ്കിലും പാർട്ടി പ്രവർത്തകർ നൽകുന്ന പുനഃപരിശോധനാ ഹരജിക്ക് കോൺഗ്രസ് എല്ലാ പിന്തുണയും നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് മയപ്പെടുത്തുന്നത്. 
ദേശീയ തലത്തിൽ തന്നെ ശബരിമല സ്ത്രീപ്രവേശന വിഷയം ചർച്ചയാകുന്നസാഹചര്യത്തിൽ കരുതലോടെയാണ് സർക്കാർ നിലപാട് സ്വീകരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തവുമാണ്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന് യുക്തമായ നിലപാട് സ്വീകരിക്കാൻ നിർദ്ദേശം നൽകപ്പെട്ടിരിക്കുന്നത്. യു.എ.ഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിവന്ന ശേഷം ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയേക്കും. 

Latest News