റിയാദ്- സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും ഇന്നു മുതൽ മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. ജിസാൻ, അസീർ പ്രവിശ്യകളിൽ ഇന്ന് ശക്തമായ കാറ്റിന്റെ അകമ്പടിയോടെ മഴക്കു സാധ്യതയുണ്ട്. നജ്‌റാൻ, അൽബാഹ, മക്ക, മദീന പ്രവിശ്യകളിലും ഉത്തര അതിർത്തി പ്രവിശ്യയിലും അൽജൗഫിലും ഹായിലിലും അൽഖസീമിലും റിയാദിലും കിഴക്കൻ പ്രവിശ്യയിലും മഴക്കു സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യയിൽ ഹഫർ അൽബാത്തിൻ വരെയാണ് മഴക്കു സാധ്യതയുള്ളത്. മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങളിൽ നാളെ മുതൽ തിങ്കളാഴ്ച വരെ ഇടത്തരം ശക്തിയോടു കൂടിയ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പറഞ്ഞു.