റിയാദ്- വാണിജ്യ വഞ്ചനാ കേസിൽ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ് കമ്പനിക്കും മാനേജർക്കും പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. 'അൽഗദാ അൽസിഹി കമ്പനി'ക്കും കമ്പനി പാർട്ണറും മാനേജറുമായ സൗദി പൗരൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറാജ്ഹിക്കുമാണ് ശിക്ഷ. റിയാദ് ആസ്ഥാനമായി കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിക്കു കീഴിൽ റിയാദിലുള്ള ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റാണ് നിയമ ലംഘനം നടത്തിയത്.
'ഒരു ബർഗർ വാങ്ങൂ, രണ്ടാമത്തെ ബർഗർ സൗജന്യമായി നേടൂ' എന്ന പരസ്യ വാചകം റസ്റ്റോറന്റിന്റെ മുൻവശത്ത് പ്രദർശിപ്പിക്കുകയായിരുന്നു. വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാജ പരസ്യത്തിലൂടെ റസ്റ്റോറന്റ് അധികൃതർ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയത്. ഓഫർ വ്യവസ്ഥകൾ കമ്പനി പാലിച്ചിരുന്നില്ല. ഓഫർ പഴയതാണെന്നും വ്യക്തമായി. ഈ ഓഫർ പ്രഖ്യാപിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ നിന്ന് കമ്പനി ലൈസൻസ് നേടിയിരുന്നില്ല. ഓഫർ കാലാവധി നേരത്തെ അവസാനിച്ചതായി സ്ഥാപന അധികൃതർ സമ്മതിച്ചിരുന്നു. എന്നാൽ ഓഫർ പരസ്യം സ്ഥാപന അധികൃതർ നീക്കം ചെയ്തിരുന്നില്ല. ഇത് ഉപയോക്താക്കളെ കബളിപ്പിക്കലാണെന്നും ഇത് വാണിജ്യ വഞ്ചനയായി പരിഗണിക്കപ്പെടുമെന്നും വ്യക്തമാക്കി സ്ഥാപനത്തിനെതിരായ കേസ് നിയമ നടപടികൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച കേസിൽ വിചാരണ പൂർത്തിയാക്കിയ റിയാദ് ക്രിമിനൽ കോടതി ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റ് ഉടമകളായ കമ്പനിക്കും കമ്പനി മാനേജർക്കും പിഴ വിധിക്കുകയായിരുന്നു. കമ്പനിയും മാനേജറും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
ഓഫറുകളുടെ നിജസ്ഥിതി ഉറപ്പു വരുത്തുന്നതിനും വ്യാജ ഓഫറുകൾ വഴി ഉപയോക്താക്കളെ കബളിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും വ്യാജ ഓഫറുകൾ ഇല്ലാതാക്കുന്നതിന് ശ്രമിച്ചും വ്യാപാര സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന ഓഫറുകൾക്ക് എളുപ്പത്തിൽ ലൈസൻസ് നൽകുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വാണിജ്യ വഞ്ചനകൾ നടത്തുന്നവരെ കർക്കശമായി നേരിടുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പറഞ്ഞു. ഉപയോക്താക്കളെ കബളിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് ഓഫറുകൾ നിരീക്ഷിക്കുകയും നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. വ്യാജ ഓഫറുകളെയും വാണിജ്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.