മദീന- ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന വാജിദ് പ്രവാചക മസ്ജിദിൽ സിയാറത്ത് നടത്തി. മസ്ജിദുന്നബവിയിൽ അവർ നമസ്‌കാരവും നിർവഹിച്ചു. ബുധനാഴ്ച രാത്രി മസ്ജിദുന്നബവിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയെയും സംഘത്തെയും മസ്ജിദുന്നബവി സുരക്ഷാ സേനാ അസിസ്റ്റന്റ് കമാണ്ടർ കേണൽ ആയിദ് അൽ ഹർബിയും മസ്ജിദുന്നബവി കാര്യ വകുപ്പ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ജംആൻ അൽഅസീരിയും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. നേരത്തെ മദീന വിമാനത്താവളത്തിലെത്തിയ ഹസീന വാജിദിനെ മദീന ഗവർണറേറ്റ് അണ്ടർ സെക്രട്ടറി വുഹൈബ് അൽസഹ്‌ലിയും മദീന റോയൽ പ്രോട്ടോകോൾ ഓഫീസ് മേധാവി മശ്ഹൂർ അൽഹുമൈദും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
റിയാദ് സന്ദർശനം പൂർത്തിയാക്കിയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയും സംഘവും മദീനയിലെത്തിയത്. റിയാദിൽ വെച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും ഹസീന വാജിദ് പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രി ആദിൽ അൽജുബൈർ, ഇൻഫർമേഷൻ മന്ത്രി ഡോ.അവാദ് അൽഅവാദ്, സഹമന്ത്രി ഡോ.മുസാഅദ് അൽഈബാൻ, ജനറൽ ഇന്റലിജൻസ് മേധാവി ഖാലിദ് അൽ ഹുമൈദാൻ തുടങ്ങിയവർ കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.