റിയാദ്- ജമാൽ ഖശോഗിയുടെ വധത്തിൽ പങ്കുള്ളവരുടെ പേരുകളും ഫോട്ടോകളും ഉൾപ്പെടുത്തി അൽജസീറ ചാനൽ പുറത്തുവിട്ട പട്ടികയുടെ പൊള്ളത്തരം തുറന്നുകാട്ടി പട്ടികയിൽ പെട്ട സൗദി യുവാവ് വലീദ് അൽശഹ്‌രി രംഗത്തെത്തി. ഖശോഗിയുടെ തിരോധാന സമയത്ത് വലീദ് അൽശഹ്‌രി അമേരിക്കയിലെ ന്യൂയോർക്കിൽ മധുവിധു ആഘോഷിക്കുകയായിരുന്നു.
താൻ ന്യൂയോർക്കിലുള്ള സമയത്ത് സി.എൻ. എൻ, ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് പത്രങ്ങളിലും മാധ്യമങ്ങളിലും ഖശോഗി തിരോധാനത്തിലെ പ്രതിപ്പട്ടികയിൽ തന്റെ ഫോട്ടോ കണ്ട് താൻ ഞെട്ടിയതായി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വലീദ് അൽശഹ്‌രി പറഞ്ഞു. സംഭവത്തിൽ ന്യൂയോർക്ക് സൗദി കോൺസുലേറ്റ് ഇടപെടുകയും മാധ്യമ കോലാഹലം അവസാനിപ്പിക്കുകയും ചെയ്തു. ജീവിതത്തിൽ ഒരു തവണ മാത്രമാണ് താൻ തുർക്കി സന്ദർശിച്ചത്. അത് മൂന്നു വർഷം മുമ്പായിരുന്നു. പാരീസിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെ തുർക്കിയിലെ അതാതുർക് എയർപോർട്ട് വഴി ട്രാൻസിറ്റായി താൻ കടന്നു പോവുകയായിരുന്നെന്നും വലീദ് അൽശഹ്‌രി പറഞ്ഞു.
പട്ടികയിൽ ഫോട്ടോ വന്ന സൗദി യുവാവ് അഹ്മദ് അൽ ദുഫൈരിയും കഴിഞ്ഞ ദിവസം അൽജസീറ ചാനലിന് ചുട്ട മറുപടി നൽകിയിരുന്നു. പട്ടികയിൽ പെട്ട അബ്ദുൽ അസീസ് അൽ ബലവി ഒരു വർഷം മുമ്പ് ഇഹലോകവാസം വെടിഞ്ഞ വ്യക്തിയാണ്.
അഹ്മദ് അൽദുഫൈരി ഒരു വർഷം മുമ്പാണ് തുർക്കി സന്ദർശിച്ചത്. ജമാൽ ഖശോഗിയുടെ തിരോധാന സമയത്ത് അഹ്മദ് അൽദുഫൈരി തുർക്കിയിലുണ്ടായിരുന്നില്ല. ഖശോഗി തിരോധാന സമയത്ത് തുർക്കിയിലില്ലാതിരുന്ന സൗദി പൗരന്മാരെയും മരണപ്പെട്ടു പോയവരെയും ഉൾപ്പെടുത്തി പ്രതിപ്പട്ടിക തയാറാക്കിയവരുടെ ലക്ഷ്യം എന്താണ് എന്ന ചോദ്യം അവശേഷിക്കുകയാണ്.