കൊച്ചി- പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിഭവ സമാഹരണത്തിനും പ്രവാസികളുടെ സഹകരണവും തേടി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ചും വിദ്വേഷം പ്രചരിപ്പിച്ചും ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു വിഭാഗം രംഗത്ത്. ഒക്ടോബര്‍ 16ന് ഇട്ട ശൈഖ് മുഹമ്മദിന്റെ ഒരു പോസ്റ്റിനു ചുവടെയാണ് മുഖ്യമന്ത്രിക്കെതിരെ ഒരു വിഭാഗം മലയാളികള്‍ കടുത്ത ഭാഷയില്‍ തെറിവിളികളും അവഹേളനവുമായി കന്റുകളിട്ടിരിക്കുന്നത്. യുഎഇയിലുള്ള മുഖ്യമന്ത്രി പിണറായി അബുദാബിയിലെ പരിപാടികള്‍ക്കു ശേഷം വെള്ളിയാഴ്ച ദുബായില്‍ എത്തും. ഇവിടെ വ്യവസായികളുടെ യോഗത്തിലും വൈകീട്ട് ദുബായ് അല്‍നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന പൊതുപരിപാടിയിലും പിണറായി പങ്കെടുക്കും.
പിണറായി യാചിക്കാന്‍ വന്നതാണെന്നും ഒരു നയാ പൈസ പോലും കൊടുക്കരുതെന്നുമാണ് വിദ്വേഷ പ്രചാരകര്‍ ദുബായ് ശൈഖിനോട് ആവശ്യപ്പെടുന്നത്. ആര്‍.എസ്.എസ്, എ.ബി.വി.പി, ബി.ജെ.പി പ്രവര്‍ത്തകരാണ് വിദ്വേഷ പ്രചാരണത്തിനു പിന്നിലെന്നു സൂചനയുണ്ട്. എ.ബി.വി.പി പ്രവര്‍ത്തക അപര്‍ണ ഗോപിനാഥും മുഖ്യമന്ത്രിക്കെതിരായി കമന്റിട്ടവരില്‍ ഉണ്ട്. പാര്‍ട്ടിക്കാരുടെ കടം വീട്ടാന്‍ വേണ്ടി പിരിവിനാണ് മുഖ്യമന്ത്രി ദുബായിലെത്തിയിരിക്കുന്നതെന്നും പണം കൊടുക്കരുതെന്നുമാണ് അപര്‍ണയുടെ കമന്റ്. കേരളത്തില്‍ ശബരിമല വിഷയത്തില്‍ വിശ്വാസികളെ രക്ഷിക്കാന്‍ എത്രയും വേഗം മുഖ്യമന്ത്രിയെ തിരിച്ചയക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. കടുത്ത വിദ്വേഷം നിറഞ്ഞ കമന്റിട്ടവര്‍ക്ക് ഒരു വിഭാഗം മറുപടിയും നല്‍കിയിട്ടുണ്ട്. ഇതു സംഘ പരിവാറിന്റെ വിദ്വേഷ പ്രചാരണമാണെന്നും സംഘികളുടെ യഥാര്‍ത്ഥമുഖമാണിതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.