തിരുവനന്തപുരം- ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സംഘര്‍ഷം സൃഷ്ടിക്കുന്ന ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമലയുടെ സവിഷേഷ സ്വഭാവത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ണ ജാതി ഭ്രാന്തിന്റെ പ്രേരണയില്‍ നടക്കുന്ന ഈ നീക്കങ്ങള്‍ സവര്‍ണ ജാതീയ ആധിപത്യം ഉറപ്പിച്ചെടുക്കാനാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി ചൂണ്ടിക്കാട്ടി. എല്ലാ ജാതി-മത വിഭാഗക്കാര്‍ക്കും ഒരു പോലെ ദര്‍ശനം കഴിയുന്നുവെന്ന ശബരിമലയിലെ സവിശേഷതയില്‍ അസഹിഷ്ണുതയുള്ളവരാണ് ആര്‍.എസ്.എസുകാര്‍. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും വെട്ടിത്തിരുത്താനും മലയരയ സമുദായം അടക്കമുള്ള ആദിവാസി വിഭാഗക്കാര്‍ക്ക് ശബരിമലയില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് ഇല്ലായ്മ ചെയ്യുന്നതിലും സംഘപരിവാര്‍ ശക്തികളുടെ പങ്ക് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ശബരിമലക്ക് ഇതര ക്ഷേത്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷ സ്വഭാവമുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളിലുംപെട്ടവര്‍ക്ക് ഒരു പോലെ ദര്‍ശനം നടത്താന്‍ കഴിയുന്നുവെന്നതാണ് ഇത്. ഈ സവിശേഷതയില്‍ നേരത്തേതന്നെ അസഹിഷ്ണുതയുള്ളവരാണ് ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍. പല ഘട്ടങ്ങളില്‍ ഈ പ്രത്യേകതയെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ ഇടപെട്ടിട്ടുണ്ട്. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. മലയരയ സമുദായം അടക്കമുള്ള ആദിവാസികള്‍ക്ക് ശബരിമല കാര്യത്തില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതില്‍ സംഘപരിവാര്‍ ശക്തികള്‍ വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇതെല്ലാം ശബരിമലയുടെ പൊതുസ്വാഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കുള്ള നീക്കങ്ങളായിരുന്നു.
ആ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ശബരിമലയെ തകര്‍ക്കാനുള്ള ഇപ്പോഴത്തെ ആര്‍.എസ്.എസ് നീക്കങ്ങളെയും കാണേണ്ടത്. വിശ്വാസികളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കുക, ഭീകരത പടര്‍ത്തി അവരെ പിന്തിരിപ്പിക്കാന്‍ നോക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബരിമലക്ക്തന്നെ എതിരാണ്. സവര്‍ണജാതിഭ്രാന്താല്‍ പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. അനുവദിച്ചുകൊടുത്താല്‍ അവര്‍ണരെന്ന് മുദ്രയടിച്ച് പണ്ടേ മാറ്റിനിര്‍ത്തിയവരെ ശബരിമലയില്‍ നിന്ന് അകറ്റുന്നതിലാവും ആത്യന്തികമായി ഈ നീക്കങ്ങള്‍ ചെന്നെത്തുക. സവര്‍ണ്ണ ജാതീയ ആധിപത്യം ഉറപ്പിച്ചെടുക്കലാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.
വിശ്വാസികളെത്തന്നെ ആക്രമിക്കുന്ന നിലയാണ് കണ്ടത്. ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം അവിടേക്ക് ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണ് നീക്കം. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല. ക്രിമിനല്‍ സംഘങ്ങളെ പുറത്ത്‌നിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവര്‍ ഇപ്പോള്‍ നടപ്പാക്കാന്‍ നോക്കുന്നത്.
എല്ലാ വിഭാഗങ്ങള്‍ക്കുമിടയിലായി ഇന്ന് നിലനില്‍ക്കുന്ന ശബരിമലയുടെ സ്വീകാര്യത തകര്‍ത്ത് അതിനെ സവര്‍ണ ജാതി ഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണം.