പത്തനംതിട്ട- ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ ബി.ജെ.പി പത്തനംതിട്ടയില്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജി. രാമന്‍ നായര്‍. കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി രാമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബി.ജെ.പി ആയതു കൊണ്ടാണ് ശബരിമല വിഷയത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് രാമന്‍ നായര്‍ പറഞ്ഞിരുന്നു. പ്രതിഷേധിക്കാന്‍ ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ടെന്ന ആരോപണം നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളിയിരുന്നു. എന്നാല്‍ പലയിടത്തും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിക്കൊപ്പം സമര വേദികളില്‍ സജീവമായുണ്ട്. പന്തളം രാജകുടുംബം നടത്തിയ പ്രതിഷേധത്തില്‍ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ എന്നിവരും പങ്കെടുത്തിരുന്നു.