ശബരിമല- പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ ശബരിമല കയറാനുള്ള നീക്കം ഉപേക്ഷിച്ച് മടങ്ങി. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുഹാസിനി രാജിനെ അപ്പാച്ചിമേടിനു സമീപം പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.
ന്യൂയോര്‍ക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ റിപ്പോര്‍ട്ടറായ സുഹാസിനി വിദേശിയായ സഹപ്രവര്‍ത്തകനോടൊപ്പമാണ് ശബരിമല സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്. താന്‍ വിശ്വാസിയല്ലെന്നും ക്ഷേത്രത്തില്‍ പ്രവേശിക്കാനോ പ്രാര്‍ഥിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും സുഹാസിനി വ്യക്തമാക്കിയിട്ടും പ്രതിഷേധക്കാര്‍ വിട്ടില്ല. തനിക്കുനേരെ കല്ലേറുണ്ടായെന്നും സുഹാസിനി പറഞ്ഞു.
ശരണം വിളികളോടെ ഇരുപതോളം പേരാണ് സുഹാസിനിയെ തടഞ്ഞത്. തുടര്‍ന്ന് പ്രശ്‌നത്തിനില്ലെന്ന് വ്യക്തമാക്കി ഇവര്‍ മടങ്ങുകയായിരുന്നു. തടസ്സങ്ങള്‍ നീക്കാമെന്ന് പോലീസ് ഉറപ്പു നല്‍കിയിരുന്നു.
റിപ്പോര്‍ട്ടര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നതെന്നും വഴിയില്‍ ഇരുന്ന പ്രതിഷേധക്കാര്‍ അവര്‍ക്കെതരിെ മുദ്രാവാക്യം വിളിച്ചുവെന്നും മടങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്ഷേത്ര പരിസരത്ത് നിന്നെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സംരക്ഷണം വാഗ്ദാനം ചെയ്തുവെങ്കിലും റിപ്പോര്‍ട്ടമര്‍ മടങ്ങുകയായിരുന്നു.
ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് നിലയ്ക്കല്‍ അടക്കം നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, ശബരിമല മേല്‍ശാന്തിയായി പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ബംഗളൂരു ശ്രീജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം. മാമ്പറ്റം ഇല്ലത്തെ എം.എന്‍.നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. പോലീസ് നടപടിക്കെതിരെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തുകയാണ്. ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.