അബുദാബി - പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മുഹമ്മദ് അബ്ബാസിന്റെ പന്തുകൾക്ക് മുന്നിൽ അടിപതറി ഓസ്‌ട്രേലിയ. മുഹമ്മദ് അബ്ബാസ് നേടിയ അഞ്ചു വിക്കറ്റുകളുടെ ബലത്തിൽ ഓസ്‌ട്രേലിയയെ പാക്കിസ്ഥാൻ ബഹുദൂരം പിന്നിലാക്കി. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് 145-ൽ അവസാനിപ്പിച്ച് 137 റൺസ് സ്വന്തമാക്കിയ പാക്കിസ്ഥാൻ രണ്ടാം ഇന്നിങ്‌സിൽ രണ്ടു വിക്കറ്റിന് 144 എന്ന ശക്തമായ നിലയിലാണ്. മൂന്നു ദിവസം കൂടി ബാക്കിയുള്ള മത്സരത്തിൽ എട്ടു വിക്കറ്റ് കൈയിലിരിക്കെ 281 റൺസ് മുന്നിലാണ് പാക്കിസ്ഥാൻ.
ആദ്യ ഇന്നിംഗ്‌സിൽ 282 റൺസെടുത്ത പാക്കിസ്ഥാനെതിരെ ആദ്യദിനം കളി നിർത്തുമ്പോൾ രണ്ടിന് 20 എന്ന നിലയിലായിരുന്നു ഓസീസ്. എന്നാൽ 125 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. മുഹമ്മദ് അബ്ബാസ് 33 റൺസിന് അഞ്ചും ബിലാൽ ആസിഫ് 23 റൺസിന് മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ ഓസീസ് നിരയിൽ ഒരാൾക്കു പോലും അർധശതകം തികക്കാനായില്ല. ഓപണർ ആരോൺ ഫിഞ്ച് (39, 83 പന്തിൽ), ലാബുസ്‌ചെയ്ൻ (25, 49 പന്തിൽ), മിച്ചൽ സ്റ്റാർക്ക് (34, 45 പന്തിൽ) എന്നിവർ മാത്രമാണ് അൽപമെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തത്.
രണ്ടാം ഇന്നിങ്‌സിൽ പാക്കിസ്ഥാന് ഓപണർ മുഹമ്മദ് ഹഫീസിനെ (6) തുടക്കത്തിൽ തന്നെ നഷ്ടമായി. എങ്കിലും ഫഖർ സമാനും (66) അസ്ഹർ അലിയും (54 നോട്ടൗട്ട്) ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സ്‌കോർ 106-ലെത്തിച്ചു.
ഫഖർ സമാനെ നതാൻ ലിയോൺ സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കിയ ശേഷം ഹാരിസ് സുഹൈൽ (17 നോട്ടൗട്ട്) ആണ് അസ്ഹർ അലിക്കൊപ്പം ക്രീസിൽ.
രണ്ടു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇന്ന് കൂറ്റൻ സ്‌കോറുണ്ടാക്കി ഓസീസിനെ സമ്മർദത്തിലാക്കാനാവും പാക്കിസ്ഥാൻ ശ്രമം.