Sorry, you need to enable JavaScript to visit this website.

പ്രവാസി സംഘം  തട്ടിപ്പു കേസിലെ മുഖ്യ പ്രതിയെ റിമാൻഡു ചെയ്തു 

പ്രവാസി സംഘം തട്ടിപ്പു കേസിലെ മുഖ്യ പ്രതി കൃഷ്ണൻ

തളിപ്പറമ്പ് - പ്രവാസി ക്ഷേമ നിധി തട്ടിപ്പു കേസിലെ മുഖ്യ പ്രതിയെ റിമാൻഡു ചെയ്തു. കേരള പ്രവാസി സംഘം മുൻ ഏരിയാ സെക്രട്ടറി പറശ്ശിനിക്കടവ് സ്വദേശി നടക്കൽ കൃഷ്ണനെ(54)യാണ് തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ കൃഷ്ണൻ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു. കൂട്ടുപ്രതി കവിത ഒളിവിലാണ്. 
പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടത്തിയത്. കൃഷ്ണനും ഓഫീസ് ജീവനക്കാരിയായ കവിതയും ചേർന്നാണ് തട്ടിപ്പു നടത്തിയത്. പ്രവാസി ക്ഷേമ നിധിയിലേക്കു അടയ്ക്കാനായി നൽകിയ പണം തിരിമറി നടത്തുകയായിരുന്നു. ഒരു കോടിയോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തുവെന്നാണ് നിഗമനം. ഇറുന്നൂറോളം പരാതികൾ പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവം പുറത്തു വന്നതിനെത്തുടർന്ന് കൃഷ്ണനെ ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും സി.പി.എമ്മിൽ നിന്നും പുറത്താക്കിയിരുന്നു. 
കേസിലെ രണ്ടാം പ്രതി കവിത രാജീവൻ ഒളവിലാണ്. ഇവരെ കണ്ടെത്തുന്നതിനു പോലീസ് പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്. ഇവരുടെ കാർ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ കഴിയുന്ന  ഇവർക്കു പണമെത്തിച്ചു നൽകിയ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയായ ബന്ധു അനൂപിനോട് പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കവിതയുടെ അമ്മ, അനൂപിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച 17,000 രൂപയാണ് അനൂപ് കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കവിതയുടെ ബന്ധു വീടുകളിലടക്കം പോലീസ് തെരച്ചിൽ നടത്തിയിരുന്നു. അതിനിടെ തട്ടിപ്പിനിരയായവർ ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിനു 21 നു യോഗം ചേരുന്നുണ്ട്. തട്ടിപ്പിനിരയായവരുടെ വിവരവും നഷ്ടപ്പെട്ട തുകയും സംബന്ധിച്ച കണക്ക് സി.പി.എമ്മും പ്രവാസി സംഘവും ശേഖരിച്ചു വരികയാണ്. 26,400 രൂപ നഷ്ടപ്പെട്ട മാവിച്ചേരിയിലെ ബബിതയുടെയും, 21,800 രൂപ നഷ്ടപ്പെട്ട പട്ടുവത്തെ അബ്ദുൽ സലാമിന്റെയും പരാതിയിലാണ് പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതിനിടെ കൃഷ്ണനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനു വേണ്ടി അന്വേഷണ ഉദ്യോഗസ്ഥൻ എസ്.ഐ കെ.ദിനേശൻ തളിപ്പറമ്പ് കോടതിയിൽ അപേക്ഷ നൽകി. മൂന്നു ദിവസത്തേക്കു കസ്റ്റഡിയൽ നൽകമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

Latest News