കൊണ്ടോട്ടി - ഈ വർഷത്തെ ഹജ് അപേക്ഷകരിൽ നിന്ന് നേരിട്ട് നറുക്കെടുപ്പ് കൂടാതെ അവസരം നൽകുന്നത് 70 വയസ്സിനു മുകളിൽ പ്രായമുളളവർക്ക് മാത്രം. ഇവർ ജീവിതത്തിൽ ഒരിക്കൽ ഹജ് ചെയ്തവരാകരുതെന്നും നിർബന്ധമുണ്ട്. ശേഷിക്കുന്ന അപേക്ഷകളെല്ലാം ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ അവസരം നൽകും. ഹജ് അപേക്ഷകളിൽ ഈ വർഷം ഒരു കവറിൽ അഞ്ചുപേർക്ക് വരെ അപേക്ഷിക്കാനുളള അനുമതിയുണ്ട്. കഴിഞ്ഞ വർഷം ഇത് നാലായിരുന്നു. അപേക്ഷകളിലെ നറുക്കെടുപ്പ് ഡിസംബർ അവസാന വാരം നടക്കും. ഹജിന് അപേക്ഷിക്കുന്നവർക്ക് 2020 ജനുവരി 31 വരെ കാലാവധിയുളള മെഷീൻ റീഡബിൾ പാസ്‌പോർട്ട് നിർബന്ധമാണ്.
70 വയസ്സിന് മുകളിൽ പ്രായമുളളവരോടൊപ്പം ഒരു സഹായിക്കും നേരിട്ട് അവസരം നൽകും. ഇവർ രക്ത ബന്ധമുളളവരായിരിക്കണമെന്ന് നിർബന്ധമാണ്. ഹജിന് അപേക്ഷിക്കുന്ന സ്ത്രീകളിൽ 45 വയസ്സിന് മകളിലുളളവർക്ക് അഞ്ച് പേർക്ക് ഒരു കവറിൽ അപേക്ഷിക്കാം.
എന്നാൽ 45 വയസ്സിന് താഴെയുളളവർക്ക് മെഹ്‌റമായി കവറിൽ ഒരു പുരുഷൻ നിർബന്ധമാണ്. 45 വയസ്സിന് മുകളിലുളള സ്ത്രീ അപേക്ഷകർക്ക് നേരിട്ട് അവസരം നൽകുന്നതിന് ഇത്തവണ അനുമതിയായിട്ടില്ല. കഴിഞ്ഞ വർഷം ഇവർക്കും നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം നൽകിയിരുന്നു.
സ്ത്രീ സംഘത്തിൽ ഇന്ത്യയിൽ തന്നെ തീർത്ഥാടകർ കുറഞ്ഞതിനാലാണ് കഴിഞ്ഞ വർഷം നേരിട്ട് അവസരം നൽകാൻ കേന്ദ്രം തുനിഞ്ഞത്. കേരളത്തിൽ നിന്ന് 1200 പേർക്കാണ് ഇവ്വിധത്തിൽ കഴിഞ്ഞ തവണ ഹജിന് അവസരം ലഭിച്ചത്. മാറാരോഗികൾ, എയ്ഡ്‌സ് പോലുള്ള രോഗബാധിതർ, ബുദ്ധിമാന്ദ്യം, മാനസിക രോഗികൾ, ഹജ് വേളയിൽ പൂർണ ഗർഭണികൾ എന്നിവർക്ക് അപേക്ഷിക്കാൻ പാടില്ല. ഈ വർഷത്തെ ഹജ് അപേക്ഷകൾ ഇന്നു മുതൽ അടുത്ത മാസം 17 വരെയാണ് സ്വീകരിക്കുന്നത്. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇവയുടെ പകർപ്പ് പിന്നീട് നേരിട്ടോ തപാലിലോ ഹജ് കമ്മറ്റിയിൽ ഹാജരാക്കണം. കഴിഞ്ഞ വർഷം 91 ശതമാനം ഓൺലൈൻ അപേക്ഷകളാണ് സംസ്ഥാന ഹജ് കമ്മിറ്റിക്ക് ലഭിച്ചത്. ഓൺലൈൻ പ്രിന്റൗട്ട്, അനുബന്ധ രേഖകൾ, പാസ്‌പോർട്ടിന്റെ കോപ്പി, ഡിക്ലറേഷൻ തുടങ്ങിയവയാണ് ഹജ് ഹൗസിൽ നൽകേണ്ടത്. ഓൺലൈൻ അപേക്ഷകളും പ്രിന്റൗട്ടും പരിശോധിച്ചായിരിക്കും പിന്നീട് കവർ നമ്പർ നൽകുക.