- പ്ലാന്റ് പ്രവർത്തിക്കുന്നത് എല്ലാ നിബന്ധനകളും പാലിച്ചെന്ന് കമ്പനി
തേഞ്ഞിപ്പലം- ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐ.ഒ.സി) മലപ്പുറം ജില്ലയിലെ ചേളാരിയിലെ ബോട്ടിലിംഗ് പ്ലാന്റിനെതിരെ ജനരോഷം ഉയർന്ന പശ്ചാത്തലത്തിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ കഴിഞ്ഞ യോഗ തീരുമാനമനുസരിച്ചുള്ള സബ് കമ്മിറ്റിയുടെ പരിശോധനയിൽ ഐ.ഒ.സി പ്ലാന്റ് പഞ്ചായത്ത് ലൈസൻസ് നേടിയെടുത്തതു മതിയായ രേഖകളില്ലാതെയാണെന്നു കണ്ടെത്തി.
ഐ.ഒ.സിയുടെ ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ സബ്കമ്മിറ്റി വിശദമായി പരിശോധിക്കുകയും പരിശോധനയിൽ ലൈസൻസ് ലഭിക്കുന്നതിലേക്കു മതിയായ രേഖകളോ കൃത്യമായ വിവരണങ്ങളോ ഐ.ഒ.സി സമർപ്പിച്ചിട്ടില്ലെന്നു ബോധ്യപ്പെടുകയും ചെയ്തതായി സബ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. പൊല്യൂഷൻ കൺട്രോൾ ബോർഡ്, പി.ഇ.എസ്.എസ്.ഒ, ചീഫ് എക്‌സ്‌പ്ലോസീവ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ, ഫയർ എൻ.ഒ.സി, സംഭരണ ശേഷിയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ സമർപ്പിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ ഐഒസി പ്ലാന്റിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ ഭരണ സമിതിയിലേക്കു ശുപാർശ ചെയ്യാൻ സബ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ചേളാരി ഐ.ഒ.സിയിലെ അനധികൃത മൗണ്ടൈൻ സ്റ്റോറേജ് നിർമാണവുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന വാർത്തയുടെയും കേസിന്റെയും നിജസ്ഥിതി അറിയുന്നതിനു സി.ബി.ഐ കൊച്ചിൻ യൂണിറ്റിനു കത്തു നൽകുന്നതിനും യോഗം തീരുമാനിച്ചു. പഞ്ചായത്തംഗങ്ങളായ സവാദ് കള്ളിയിൽ, എ.പി സലീം, മുഹമ്മദ് കാട്ടുകുഴി, കെ.ഇ ഉണ്ണിക്കമ്മു, കെ. മുഹമ്മദ് ബഷീർ എന്നിവരാണ് സബ് കമ്മിറ്റിയംഗങ്ങൾ.
അതിനിടെ ഐ.ഒ.സി ബോട്ട്‌ലിംഗ് പ്ലാന്റ് പ്രവർത്തിക്കുന്നതു എല്ലാവിധ നിയമങ്ങളും പാലിച്ചു കൊണ്ടാണെന്നു കമ്പനി അധികൃതർ മലപ്പുറത്തു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനകളും നടത്തിയ ശേഷമാണ് കമ്പനി വിപുലീകരണവും പ്രവർത്തനവും നടന്നുവരുന്നത്. കാൽ നൂറ്റാണ്ടു കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്ലാന്റിൽ ഇതുവരെ അപകടങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല, സുരക്ഷയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരങ്ങളും അവാർഡുകളും കമ്പനിയെ തേടി എത്തിയിട്ടുമുണ്ട്. ഇനിയും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നതിനു കമ്പനി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുമുണ്ട്. മലബാറിലെ ആറു ജില്ലകളിലേക്കു ഇവിടെ നിന്നുമാണ് എൽ.പി.ജി സിലിണ്ടറുകൾ കയറ്റി അയക്കുന്നത്. ഇതുപ്രകാരം 50 ലക്ഷം ഉപഭോക്താക്കൾക്കാണ് സിലിണ്ടറുകൾ വിതരണം ചെയ്യുന്നതെന്നു അവർ പറഞ്ഞു.
ഊർജ സംരക്ഷണത്തിനായി എൽ.ഇ.ഡി ബൾബുകളുടെ ഉപയോഗവും സൗരോർജ സംവിധാനങ്ങളുടെ ഉപയോഗവും ഊർജിതമാക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക സേവനങ്ങളുടെ ഭാഗമായി മൂന്നിയൂർ പഞ്ചായത്തിൽ അഞ്ചു ലക്ഷം രൂപ ചെലവിൽ കുടിവെള്ള ടാങ്കും പൈപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്. കമ്പനി സുക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രചാരണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. ഫയർ ഡിറ്റക്ഷൻ സിസ്റ്റം, അഗ്‌നിശമന സംവിധാനം, വാതക നിരീക്ഷണ സംവിധാനം, ഇൻറർലോക്ക് ഷട്ട്ഡൗൺ സംവിധാനം എന്നിവയൊക്കെ പ്ലാന്റിൽ ക്രമീകരിച്ചിട്ടുണ്ട്. വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ പി. അബ്ദുൾ ഹമീദ്, മലപ്പുറം കലക്ടർ അമിത് മീണ എന്നിവരെല്ലാം പ്ലാന്റുകൾ സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്നുള്ള എല്ലാ അനുമതി പത്രങ്ങളും പ്ലാന്റിനുണ്ട്. ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രദേശവാസികളിൽ ബോധവത്കരണം നടത്തുന്നതിനും കമ്പനി ഒരുക്കമാണ്. അതിനായി അടുത്ത ദിവസം പൊതുയോഗവും സെമിനാറും നടത്തും. മറിച്ചുള്ള പ്രചാരണങ്ങൾ തള്ളിക്കളണയണമെന്നും കമ്പനി അധികൃതർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ജനറൽ മാനേജർ സബിത നടരാജ്, എൽ.പി.ജി കേരള സ്റ്റേറ്റ് ഓഫീസ് ജനറൽ മാനേജർ സി.എൻ രാജേന്ദ്ര കുമാർ, ചേളാരി പ്ലാന്റ് ഡി.ജി.എം തോമസ് ജോർജ് ചിറയിൽ തുടങ്ങിയവർ പങ്കെടുത്തു.