കൊച്ചി - തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം നേരിടാൻ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധി മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി.
മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിക്കു വേണ്ടി പത്മപ്രിയയും റിമാ കല്ലിങ്കലുമാണ് ഹരജി സമർപ്പിച്ചത്. എ.എം.എം.എ, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കാത്തതിനാൽ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നവർക്ക് യാതൊന്നും ചെയ്യാനാവുന്നില്ലെന്ന് ഹരജിക്കാർ പറയുന്നു. എ.എം.എം.എയുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം നേരിടാനായി 2013 ൽ പാർലമെന്റ് പ്രത്യേക നിയമം തന്നെ കൊണ്ടുവന്നിരുന്നു. പ്രൊഡ്യൂസേഴ്‌സ് ഗിൽഡും സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷനും ആഭ്യന്തര സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. എന്നിട്ടും എ.എം.എം.എ ഭാരവാഹികൾ സ്വേഛാപരമായാണ് ഇടപെടുന്നത്. എ.എം.എം.എയിൽ സമിതിയില്ലാത്തത് അതിലെ സ്ത്രീ അംഗങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നു.
എ.എം.എം.എയുടെ ഇടപെടലുകൾ സ്വേഛാപരവും നിയമ വിരുദ്ധവുമാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നിരവധി തരത്തിലുള്ള പീഡനങ്ങൾക്ക് ഇരയാവുന്നു എന്ന വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരു സിനിമാ നിർമാണത്തിനിടെ പീഡിപ്പിക്കപ്പെട്ടതിന് നൽകിയ പരാതി സിനിമ കഴിയുന്നതോടെ ഇല്ലാതാവുന്ന അവസ്ഥയാണ്. ഈ പശ്ചാത്തലം പ്രത്യേകം പരിശോധിക്കണം. ഇതെല്ലാം പരിഗണിച്ച് പൊതുസമ്മതരായ വ്യക്തികൾ അടങ്ങിയ പ്രത്യേക സമിതി എ.എം.എം.എയിൽ വേണമെന്നാണ് ആവശ്യം.
താര സംഘടനക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ്
കൊച്ചി - താര സംഘടന എഎംഎംഎക്കും സർക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കുന്നില്ലന്ന ഹരജിയിലാണ്
കോടതിയുടെ ഉത്തരവ്. സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത് . നിർമാതാക്കളുടെയും തിരക്കഥാകൃത്തുക്കളുടെയും സംഘടനകൾ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടും എഎംഎംഎ സമിതി രൂപീകരിക്കുന്നില്ലന്നാരോപിച്ച് നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്. അമ്മക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസയക്കാൻ കോടതി ഉത്തരവിട്ടു. അമ്മയും സർക്കാരും 24 നകം മറുപടി നൽകണം. വിശാഖ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കാൻ സംഘടനകൾക്കും
സ്ഥാപനങ്ങൾക്കും ബാധ്യത ഉണ്ടെന്നും ഹരജിക്കാർ വ്യക്തമാക്കി. സമിതി രൂപീകരികരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം.
ഒരു അതിക്രമം ഉണ്ടായാൽ മൂന്നു മാസത്തിനകം കമ്മിറ്റിക്ക് പരാതി നൽകണമെന്നാണ് വ്യവസ്ഥ. ഇവിടെ അമ്മ ഇതുവരെ കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.