തിരുവനന്തപുരം- 'മി ടൂ' വിൽ കുടുങ്ങിയ 'ദ ഹിന്ദു' പത്രത്തിന്റെ കേരളത്തിലെ റസിഡൻറ് എഡിറ്റർ സി. ഗൗരീദാസൻ നായർ അവധിയിൽ പ്രവേശിച്ചു. ഇക്കാര്യം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹിന്ദുസ്ഥാൻ ടൈംസ് അസിസ്റ്റന്റ് എഡിറ്റർ യാമിനി നായരുടെ 'മി ടൂ' വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഗൗരീദാസൻ നായരോട് വിശദീകരണം ചോദിച്ചതിനെ തുടർന്നാണ് അദ്ദേഹം അവധിയിൽ പോയതെന്ന് ദ ഹിന്ദു ഗ്രൂപ് ചെയർമാൻ എൻ. റാം വ്യക്തമാക്കി. ആരോപണം വളരെ ഗൗരവമായാണ് കണ്ടതെന്നും റാം ട്വിറ്ററിൽ കുറിച്ചു.
പിന്നാലെയാണ് പത്രപ്രവർത്തകൻ എന്ന ഇന്നിങ്‌സ് അവസാനിപ്പിക്കുകയാണെന്ന് സൂചിപ്പിച്ച് ഗൗരിദാസൻ നായർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ചുമതലയിൽനിന്ന് മാറ്റണമെന്നും അവധിയിൽ പോകാൻ അനുവദിക്കണമെന്നും സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചതെന്നും ഗൗരീദാസൻ നായർ വ്യക്തമാക്കി.
2005 ൽ ചെന്നൈയിൽ ജോലി ചെയ്തിരുന്ന കാലത്ത് പത്രപ്രവർത്തനത്തിൽ തന്റെ ഗുരുവായ വ്യക്തിയിൽനിന്ന് മോശമായ അനുഭവമുണ്ടായെന്ന് ബ്ലോഗിലൂടെയാണ് യാമിനി വെളിപ്പെടുത്തിയത്.
പ്രമുഖ മാധ്യമ പ്രവർത്തകൻ ഹോട്ടൽ മുറിയിൽവച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയ യാമിനി അതിക്രമം നടത്തിയയാളുടെ പേര് പരാമർശിച്ചിരുന്നില്ല. നേരത്തെയും ഗൗരീദാസൻ നായർക്കെതിരെ ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു.
അറിയപ്പെടുന്ന ഇടതുപക്ഷ സഹയാത്രികനായ ഗൗരീദാസൻ നായർ ഡിസംബർ 31 ന് വിരമിക്കാനിരിക്കുകയായിരുന്നു. ഒരു വർഷം കൂടി തുടരാൻ വാക്കാൽ മാനേജ്‌മെന്റ് നിർദ്ദേശിച്ചിരുന്നതായാണ് അറിയുന്നത്. അത് തടയാൻ ഹിന്ദുവിൽ നിന്നുള്ളവർ തന്നെയാണ് മി ടൂ വെളിപ്പെടുത്തലിനു പിന്നിലെന്നും ആരോപണമുണ്ട്.