കൽപറ്റ- ബലാത്സംഗത്തിനിരയായ വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് 18 വർഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബത്തേരി കൊഴുവണ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ കേസിലാണ് ഒന്നാം പ്രതി ചീരാൽ ചേനോത്ത് റോയിയെ (36) അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്.
വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതിനു ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 367 പ്രകാരം മൂന്നു വർഷം കഠിന തടവും ലൈംഗികമായി ഉപയോഗിക്കുന്നതിനു തട്ടിക്കൊണ്ടുപോയതിനു വകുപ്പ് 386 അനുസരിച്ച് അഞ്ചു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും ബലാത്സംഗത്തിനു വകുപ്പ് 376 പ്രകാരം 10 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ബലാത്സംഗക്കുറ്റത്തിനു പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം അധികം തടവ് അനുഭവിക്കണം. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി. 2010 ജൂൺ 28 നാണ് പെൺകുട്ടിയെ വിഷം കഴിച്ചുമരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് പരിശോധനയിലാണ് പെൺകുട്ടി ബലാത്സംഗത്തിനു ഇരയായെന്നു വ്യക്തമായത്. തുടർന്നു അന്നത്തെ ബത്തേരി സി.ഐ ഷാജി വർഗീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ബത്തേരി ചുങ്കത്തെ ഫാൻസി ഷോപ്പിൽ മരണത്തിനു തലേന്നു പെൺകുട്ടിയെ കടയുടമ റോയി ബലാത്സംഗം ചെയ്‌തെന്നു വ്യക്തമായത്. ബലാത്സംഗത്തിനിരയായതിലുള്ള മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നും പോലീസ് സ്ഥിരീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ റോയിയെയും ഇയാളും പെൺകുട്ടിയും തമ്മിലുള്ള ബന്ധം അറിയാവുന്ന ജോബിൻ തോമസിനെയും അറസ്റ്റു ചെയ്തു.