'തീവണ്ടി' എന്ന ഒരൊറ്റ സിനിമയിലൂടെ പ്രശസ്തിയിലേക്കുയർന്ന യുവ സംവിധായകൻ ഫെല്ലിനി ടി.പി, റിയാദ് ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ്. നസീം ജിദ്ദ പോളിക്ലിനിക്കിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ടി.പി. നാസർ-ഡോ. റംല ദമ്പതികളുടെ മകൻ. ചലച്ചിത്രകലയുടെ പതിവ് ട്രാക്കിൽ നിന്ന് വേറിട്ട് തന്റെ തീവണ്ടിയോടിച്ച് ആസ്വാദക ഹൃദയം കീഴടക്കിയ കോഴിക്കോട്ടുകാരനായ ഫെല്ലിനിയുടെ സിനിമാ ജീവിതത്തിലൂടെ..
'ലോകപ്രശസ്ത ഇറ്റാലിയൻ ചലച്ചിത്രകാരൻ ഫെഡറികോ ഫെല്ലിനിയുടെ പേരാണ് ഉപ്പ എനിക്കിട്ടത്. സിനിമയും സാഹിത്യവും തലയ്ക്ക് പിടിച്ചവരാണ് ഉപ്പ ഡോ. ടി.പി. നാസറും ഉമ്മ ഡോ. റംലയും. സാഹിത്യം തന്നെയാണ് ഇരുവരെയും മെഡിക്കൽ കോളേജ് പഠനകാലത്ത് പരസ്പരം അടുപ്പിച്ചത്. തിരക്കിട്ട ജീവിതത്തിനിടയിലും ഉപ്പ നന്നായി വായിക്കുകയും എഴുതുകയും ചെയ്യുന്നു. ഉമ്മയും നല്ല വായനക്കാരി, ആസ്വാദക (ഒപ്പം നിരൂപകയും). കഥകളും വിമർശന ഗ്രന്ഥങ്ങളും പുസ്തകമായി ഇറക്കിയിട്ടുണ്ട് ബാപ്പ. സിനിമ ഇരുവർക്കും ഹരം. ഹരം എന്നതിലേറെ സീരിയസ് മാധ്യമം എന്നും പറയാം. എന്റെ ഇക്കയുടെ പേര് ഗൊദാർദ്. (പ്രമുഖ ഫ്രഞ്ച്- സ്വിസ് സിനിമാ സംവിധായകനായ ജീൻ ലൂക് ഗൊദാർദിനെ അനുസ്മരിപ്പിക്കുന്ന പേര്).. അങ്ങനെ ഗൊദാർദും ഫെല്ലിനിയും കേരളത്തിൽ…'
ഫെല്ലിനി ഇത്ര കൂടി പറഞ്ഞു: ഇക്കായ്ക്ക് ഈ പേര് കൊണ്ടൊരു ഗുണം കിട്ടി. ഒരു യൂറോപ്യൻ യാത്രക്കിടെ വിമാനത്തിൽ തൊട്ടടുത്തിരുന്ന ഫ്രഞ്ചുകാരൻ പേര് ചോദിച്ചപ്പോൾ ഗൊദാർദ് എന്ന് മറുപടി കേട്ട് അയാൾ വിസ്മയാധീനനായി. കാരണം അയാളുടെ പേരും ഗൊദാർദ്. ആൾ സിനിമാ ഭ്രാന്തൻ. അദ്ദേഹം പിന്നീട് ഇക്കയുമായി സൗഹൃദത്തിലാവുകയും പിന്നീട് കാനഡയിലെത്തിയപ്പോൾ വേണ്ട സഹായം നൽകുകയും ചെയ്തു. ഗൊദാർദ് എന്ന് പേരിട്ട ഉപ്പാക്ക് അവൻ അന്നേരം വിമാനത്തിലിരുന്ന് മനസാ നന്ദി പറഞ്ഞിട്ടുണ്ടാകണം..
(ഭാര്യ അസ്‌റയോടൊത്ത് ഗൊദാർദിപ്പോൾ കാനഡയിലെ കാൽഗറിയിൽ ഉപഗ്രഹ ശാസ്ത്രജ്ഞനായി ജോലി ചെയ്യുകയാണ്.)
അപ്പോൾ ഫെല്ലിനി എന്ന പേരിനുമില്ലേ ആ അന്തസ്സ് എന്ന ചോദ്യത്തിന് ഫെല്ലിനിയുടെ മറുപടി: എന്റെ ആദ്യ ചിത്രമായ തീവണ്ടിയുടെ വിജയം കണ്ട് തിയേറ്ററിൽ നിന്നിറങ്ങിയ ഉപ്പ പറഞ്ഞതിങ്ങനെ:
നിന്റെ ഈ സിനിമ മോശമായിരുന്നെങ്കിൽ നിനക്ക് ഫെല്ലിനി എന്നു പേരിട്ട സിനിമാസ്വാദകർ എന്നെയാണ് കുറ്റം പറയുക!
സൗദി പ്രവാസം തുടങ്ങും മുമ്പ് മലപ്പുറം കോട്ടക്കലിനടുത്ത എടരിക്കോട്ട് ഡോ. നാസറും ഡോ. റംലയും ജോലി ചെയ്തിരുന്നു. അക്കാലത്താണ് ഫെല്ലിനി പിറന്നത്. അഞ്ചാം ക്ലാസ് വരെ നിലമ്പൂർ പീവീസ് പബ്ലിക് സ്‌കൂളിൽ. പിന്നീട് റിയാദിലെത്തി. റിയാദിലെ സേവനത്തിനു ശേഷമാണ് ഡോ. നാസറും ഡോ. റംലയും ജിദ്ദയിൽ നസീം ജിദ്ദ പോളിക്ലിനിക്കിലെത്തിയത്. പ്ലസ് ടു വരെ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പഠിച്ച ഫെല്ലിനി പിന്നീട് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിൽ നിന്നും പത്തൊമ്പതാം വയസ്സിൽ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ബിരുദം നേടി. സ്‌കൂൾ കാലം തൊട്ടേ ഫെല്ലിനിയുടെ മനസ്സിൽ സിനിമയുണ്ടായിരുന്നു. റിയാദിലായിരുന്നപ്പോൾ നല്ല സിനിമകളുടെ കാസറ്റുകൾ കണ്ടിരുന്നു. സിനിമയെ സീരിയസായി എടുക്കാനാരംഭിച്ചത് പ്ലസ് ടുവിനു ശേഷമാണ്. ഇതിനിടെ ദൽഹിയിലേക്ക് പോയി. നോയിഡയിലെ ഏഷ്യൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സിനിമാട്ടോഗ്രഫിയിൽ ബിരുദാനന്തര ബിരുദം നേടി. അതെ, സിനിമയുടെ ഉന്മാദം ഫെല്ലിനിയുടെ സിരകളെ തൊട്ടുണർത്തുകയായിരുന്നു. ദൽഹിയിൽ നിന്ന് മുംബൈയിലെത്തിയ ഫെല്ലിനി ശരിക്കുമൊരു സിനിമാ ഭ്രാന്തനായി. ദേശീയ അവാർഡ് ജേതാവായ രാജ്കുമാർ റാവുവിന്റെ പൂർത്തിയാകാത്ത ഒരു സിനിമയുമായാണ് (ഭോസ്‌ല) ആദ്യമായി സഹകരിച്ചത്. പിന്നീട് കുറെ പരസ്യ ചിത്രങ്ങളുമായി ബന്ധപ്പെട്ട് മുംബൈയിൽ കഴിഞ്ഞു. അതിനിടെ, ഇന്ത്യൻ സിനിമയുടെ വ്യാകരണം തിരുത്തിയെഴുതിയ മഹേഷ് ഭട്ടിനു ശിഷ്യപ്പെട്ട ഫെല്ലിനി പിന്നീട് ശ്യാമപ്രസാദിന്റെ ഇലക്ട്ര എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. തുടർന്ന് ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെയും സഹസംവിധായകനായി. സ്വതന്ത്ര സംവിധായകനാകുന്നത് തീവണ്ടിയിലൂടെ. ആദ്യ സിനിമ ഒരു വെല്ലുവിളിയായിരുന്നു. ആഗസ്റ്റ് സിനിമയും ഷാജി നടേശനും നൽകിയ പിന്തുണയാണ് ഈ സ്വപ്നം സഫലമാക്കിയത്.
ടൊവിനോ തോമസ് നായകനും സംയുക്താ മേനോൻ നായികയുമായ 'തീവണ്ടി'യിൽ കൈലാസ് മേനോൻ ചിട്ടപ്പെടുത്തിയ ജീവാംശമായ്.. എന്ന ഗാനം ഇതിനകം രണ്ടരക്കോടി ജനങ്ങൾ കേട്ടുകഴിഞ്ഞു. ഈ രംഗത്തെ പുതിയൊരു യുട്യൂബ് വിപ്ലവം.
- സത്യം പറഞ്ഞാൽ തീവണ്ടി ഇത്രയും വലിയൊരു ഹിറ്റാകുമെന്ന് കരുതിയതല്ല. സിനിമ റിലീസ് ചെയ്ത നാളുകളിൽ ചെറുപ്പക്കാരായിരുന്നു അധികവും തിയേറ്ററുകളിലേക്ക് ഇരച്ചെത്തിയത്. പിന്നെ കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റമായി.
വളരെ ലൈറ്റായി, ഹ്യൂമറിലൂടെ കടന്നുപോകുന്ന ചിത്രമായതുകൊണ്ട് കുടുംബ പ്രേക്ഷകർ ഹൃദയപൂർവമാണ് തീവണ്ടിയെ വരവേറ്റത്. നിലവാരമുള്ള പ്രേക്ഷകരുമായി നല്ലൊരു വിനിമയം സ്ഥാപിച്ചെടുക്കാൻ കഴിയും വിധമാണ് വിനി വിശ്വലാൽ തീവണ്ടിയുടെ സ്‌ക്രിപ്റ്റ് രചിച്ചത്.
എഡിസൻതുരുത്ത് സിനിമയിലെ ഒരു പ്രതീകാത്മകഘടകമാണ്. ടൊവിനോയുടെ ബിനീഷ് എന്ന നായക കഥാപാത്രത്തിന്റെ ടേണിംഗ് പോയന്റ് നടക്കുന്നതും എഡിസൻതുരുത്തിലാണ്. പുകവലിയും ചുംബനവുമൊക്കെ തീർത്തും സിംബോളിക്. അതുപോലെ രാഷ്ട്രീയ ആക്ഷോപ ഹാസ്യത്തിന്റെയും സാധ്യതകളെ ഞങ്ങൾ തുറന്നിട്ടു. അത്തരമൊരു ചേരുവ സ്‌ക്രിപ്റ്റിന്റെ പരഭാഗശോഭ കൂട്ടുകയും ചെയ്തുവെന്ന് തോന്നുന്നു. ബാക്കിയൊക്കെ പ്രേക്ഷകരല്ലേ പറയേണ്ടത്?
കുട്ടിത്തം മാറാത്ത മുഖഭാവത്തോടെ ഫെല്ലിനി ചോദിക്കുന്നു.
പുതിയ പ്രോജക്ടിന്റെ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒന്നുമായിട്ടില്ല. ഇപ്പോൾ തീവണ്ടി പകർന്നു നൽകിയ ചേതോഹരമായ ഹാംഗ് ഓവർ ആസ്വദിച്ച് റിലാക്‌സ് ചെയ്തിരിക്കുകയാണ്.
തൃശൂർ ഐ.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ അസി. പ്രൊഫസറായ തൃശൂർ ഊരകം സ്വദേശി ക്ലൈഡിൻ അബ്ദുൽ കരീമാണ് തീവണ്ടിയുടെ സംവിധായകന്റെ ജീവിതത്തിലെ സഹയാത്രിക.