കോഴിക്കോട്- ഇസ്ലാം മതം സ്വീകരിച്ച മുൻ നക്‌സലൈറ്റ് നജ്മൽ ബാബുവിന്റെ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയിൽ ഫയൽ ചെയത് റിട്ട് ഹരജി പരിഗണിച്ചു. ഒരാൾ മരിച്ചാലും അയാളുടെ പൗരാവകാശങ്ങൾ അവസാനിക്കുന്നില്ലെന്ന് കോടതി വ്യ്ക്തമാക്കി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് കേസ് നൽകിയത്.
ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
മുസ്‌ലിം യൂത്ത് ലീഗ് ചരിത്രപരമായ ഒരു പോരാട്ടത്തിലാണ്. നജ്മൽ ബാബുവിന്റെ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി അദ്ദേഹത്തെ ദഹിപ്പിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് അപേക്ഷ ഇന്ന് പരിഗണിക്കുകയുണ്ടായി. ഒരാൾ മരിച്ചു കഴിഞ്ഞാലും അദ്ദേഹത്തിന്റെ പൗരാവകാശങ്ങൾ അവസാനിക്കുന്നില്ലെന്നാണ് കോടതി പറഞ്ഞത്.
സൈമൺ മാസ്റ്റർക്ക് (മുഹമ്മദ് ഹാജി) പിന്നാലെയാണ് നജ്മൽ ബാബുവിനും ഈ ഗതി ഉണ്ടായത്. ഒരു ഭാഗത്ത് വിശ്വാസത്തിന് മുകളിലാണ് ഭരണ ഘടന എന്ന് മുഖ്യമന്ത്രി പ്രസംഗിക്കുക. മറുഭാഗത്ത് വിശ്വാസികൾക്ക് ഭരണ ഘടന നൽകുന്ന അവകാശങ്ങൾ തടഞ്ഞ് വെക്കുക. ഇമ്മട്ടിലുള്ള നിലപാടെടുക്കുന്നവരെ ഇരട്ടച്ചങ്കൻ എന്നല്ല ഇരട്ടത്താപ്പൻ എന്നാണ് വിളിക്കേണ്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് നടപടി സ്വീകരിച്ചു എന്ന് മൂന്ന് ആഴ്ചക്കുള്ളിൽ കോടതിയെ അറിയിക്കണമെന്നാണ് സർക്കാറിനോട് ഇന്ന് ബഹു: ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്.ഇനി ഒരു നജ്മൽ ബാബുവിന് ഇങ്ങിനെയൊരു ഗതി ഉണ്ടാവാൻ പാടില്ല. നീതിക്കായുള്ള ഈ പോരാട്ടത്തിൽ ഏവരും പിന്തുണക്കണമെന്ന് അഭ്യർത്ഥിക്കുന്നു.