പമ്പ- ശബരിമലയിലെ പ്രതിഷേധം റിപോർട്ട് ചെയ്യാനെത്തിയ ദ ന്യൂസ് മിനിറ്റ് റിപോർട്ടർ സരിത എസ് ബാലന് നേരെ സമരക്കാരുടെ അക്രമണം. സരിതയുടെ നട്ടെല്ലിന് ചവിട്ടിയ സമരക്കാർ ഇവരെ മ്ലേച്ചമായ ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു. ശബരിമല ദർശനത്തിന് വരികയായിരുന്നവർക്കൊപ്പം ബസിലായിരുന്നു സരിത ഉണ്ടായിരുന്നത്. ബസ് തടഞ്ഞുനിർത്തി പരിശോധിച്ച കർമ സമിതിയുടെ പ്രവർത്തകർ അതിൽനിന്ന് സരിതയെ പിടിച്ചിറക്കുകയായിരുന്നു. ഇവർക്ക് ചുറ്റും കൂടിനിന്ന് സമരക്കാർ പ്രതിഷേധം മുഴക്കുകയും മോശമായ ഭാഷയിൽ അധിക്ഷേപം ഉന്നയിക്കുകയും ചെയ്തു. ഇതിനിടെ പോലീസ് എത്തിയെങ്കിലും സമരക്കാരിൽ ഒരാൾ പിറകിൽനിന്ന് ചവിട്ടുകയായിരുന്നു. ഒരു സ്ത്രീ സരിതക്ക് നേരെ വെള്ളം നിറച്ച കുപ്പിയും വലിച്ചെറിഞ്ഞു. സരിതയെ പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവിടെയും ഗൂണ്ടകൾ എത്തിയിരുന്നു. റിപബ്ലിക് ടി.വിയിലെ പൂജ പ്രസന്ന അക്രമിക്കപ്പെട്ട് ഏതാനും നിമിഷത്തിനിടെയാണ് സരിതയും അക്രമിക്കപ്പെട്ടത്. പൂജയുടെ കാർ അക്രമികൾ തകർക്കുകയും ഉപകരണങ്ങൾ മോഷ്്ടിക്കുകയും ചെയ്തിരുന്നു.