അബുദാബി- പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രവാസി മലയാളികളുടെ സഹകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച രാവിലെ യു.എ.ഇയിലെത്തി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് അബുദാബിയില്‍ ഇറങ്ങിയത്. നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ യുസഫലി, നോര്‍ക്ക് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയും അബുദാബിയിലെ വിവിധ പൊതുപരിപാടികളില്‍ പിണറായി പങ്കെടുക്കും. മുഖ്യമന്തരി തങ്ങുന്ന ദൂസിത് താനി ഹോട്ടലില്‍ ഇന്ന് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകീട്ട് എട്ടു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍നഹ്യാന്‍ ആണ് സമ്മേളം ഉല്‍ഘാടനം ചെയ്യുന്നത്.
ദുബായില്‍ വെള്ളിയാഴ്ച നടക്കുന്ന വ്യവസായികളുടെ യോഗത്തിലും വൈകീട്ട് ദുബായ് അല്‍നാസര്‍ ലെഷര്‍ ലാന്‍ഡില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും. ശനിയാഴ്ച ഷാര്‍ജയില്‍ ആദ്യം വ്യവസായികളെ കണ്ട ശേഷം വൈകീട്ട് ഷാര്‍ജ ഗോള്‍ഫ് ആന്റ് ഷൂട്ടിങ് ക്ലബില്‍ നടക്കുന്ന സ്വീകരണ പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും.