പത്തനംതിട്ട- ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ തുടരുന്ന പ്രതിഷേധ സമരത്തില്‍ സംഘര്‍ഷാവസ്ഥ. ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ലാത്തി വീശിയ പോലീസ്, സംരക്ഷണസമിതി പ്രവര്‍ത്തകരെ ഒഴിപ്പിച്ചു. തുലാമാസ പൂജകള്‍ക്കായി ശബരിമല ഇന്നു തുറക്കാനിരിക്കുകയാണ്. നിലയ്ക്കലില്‍ സമരക്കാര്‍ ഉപയോഗിച്ചിരുന്ന പര്‍ണശാല പോലീസ് പൊളിച്ചുനീക്കി. സ്ഥലത്തു സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനാണ് നടപടിയെന്ന് പോലീസ് വിശദീകരിച്ചു.
ചൊവ്വാഴ്ച രാത്രി പമ്പയിലേക്കുള്ള ശബരിമല തീര്‍ഥാടകരെ തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നു വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമരക്കാര്‍ സ്ഥലം കയ്യടക്കുന്നതും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നതും ഒഴിവാക്കാനായി വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.