കൊല്ലം- വിശ്വാസ സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് കേരളത്തെ സംഘർഷ ഭൂമിയാക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നതായി വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. കൊല്ലം വൈ.എം.സി.എ ഹാളിൽ നടന്ന പാർട്ടി ദക്ഷിണ മേഖല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാറിന്റെ ഗൂഢപദ്ധതിയെ സമയോചിതം ചെറുക്കുന്നതിൽ കേരള സർക്കാരും ഇടതുപക്ഷവും പരാജയപ്പെട്ടിരിക്കുന്നു. ആചാര സ്വാതന്ത്ര്യം എന്നതിനെ വൈകാരികവത്കരിക്കുകയും അതിലൂടെ കേരളത്തിൽ ധ്രുവീകരണമുണ്ടാക്കാനുമുള്ള നീക്കമാണ് ബി.ജെ.പിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്. കേരള നവോത്ഥാനത്തിന്റെ സകല നൻമകളെയും ഇല്ലാതാക്കാനാണ് അവർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ആചാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കടുത്ത സ്ത്രീ വിരുദ്ധതയുടെ വികാര പ്രകടനമാണ് നടക്കുന്നത്. കേരള മുഖ്യമന്ത്രിയെപ്പോലും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. പൊതുസമൂഹത്തിൽ മുഴുവനുമെന്ന പോലെ മതരംഗത്തും പല മേഖലകളിലും സ്ത്രീകൾ വിവേചനനമനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്‌നം വഷളാക്കുകയാണ് ചെയ്തത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ വിയോജിപ്പുള്ളവർക്ക് നിയമപരമായി തന്നെ നീങ്ങാമെന്നിരിക്കേ സംഘ് പരിവാർ അജണ്ട്ക്ക് കേരളം വഴിമരുന്നിടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, സംസ്ഥാന ട്രഷറർ പി.എ ഹഖിം സംസ്ഥാന സെക്രട്ടറിമാരായ സജീദ് ഖാലിദ്, എം ജോസഫ് ജോൺ, സംസ്ഥാന കമ്മിറ്റി അംഗം ഗണേഷ് വടേരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് സലിം മൂലയിൽ സ്വാഗതവും സീനത്ത് നിസാം നന്ദിയും പറഞ്ഞു.