Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂർ കസ്റ്റംസിനെതിരെ പരാതി; പരിഹാരം ഉണ്ടാക്കുമെന്ന് ഡയറക്ടർ  

കസ്റ്റംസിനെതിരെ നടപടി ആവശ്യപ്പെട്ട് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവിന് സി.കെ. ഷാക്കിർ നിവേദനം നൽകുന്നു.

കൊണ്ടോട്ടി-  കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന പ്രവാസി യാത്രക്കാരെ ദ്രോഹിക്കുന്ന കസ്റ്റംസ് ജീവനക്കാരുടെ നടപടിക്കെതിരെ സൗദി കെ.എം.സി.സി നേതാവും മാധ്യമ പ്രവർത്തകനുമായ സി.കെ ഷാക്കിർ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവിന് പരാതി നൽകി. കഴിഞ്ഞ ദിവസം കുടുംബ സമേതം കരിപ്പൂരിലെത്തിയ സി.കെ ഷാക്കിറിനോട് നിയമാനുസൃതം കൊണ്ടുവന്ന ലഗേജിന് അന്യായമായി പണമടയ്ക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ നിരവധി യാത്രക്കാരെയും ഭീമമായ സംഖ്യ ഡ്യൂട്ടി നൽകണമെന്നാവശ്യപ്പെട്ട് ഇതേസമയം തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരുന്നു. അന്യായമായ ഈ നടപടിക്കെതിരെ ഷാക്കിർ ശക്തായ പ്രതിഷേധം അറിയിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പിന്തിരിഞ്ഞെങ്കിലും കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രവാസി യാത്രക്കാരെ ദ്രോഹിക്കുന്ന നടപടി തുടരുകയാണ്. കസ്റ്റംസ് ചൂഷണത്തിന് വിധേയരായ പ്രവാസികൾ സമാനമായ സംഭവങ്ങൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധയിൽ പെടുത്തിയതിനാലാണ് പ്രശ്നപരിഹാരത്തിന് പരാതി നൽകാൻ ഷാക്കിർ തീരുമാനിച്ചത്. കേന്ദ്ര കസ്റ്റംസ് ബോർഡ് ചെയർമാൻ എസ്. രമേശിനും പരാതി അയച്ചിട്ടുണ്ട്. 
ഒന്നോ രണ്ടോ വിമാനത്താവളങ്ങളിൽ നിന്നും പരിശോധനകൾ കഴിഞ്ഞെത്തുന്ന ലഗേജ് ബോക്സുകൾ അനാവശ്യമായി പൊളിക്കുക, വർഷങ്ങളുടെ പഴക്കമുള്ള സാധനങ്ങൾക്ക് വലിയ മൂല്യം കണക്കാക്കി ഭീമമായ സംഖ്യ ഈടാക്കുക, കസ്റ്റംസ് ഹാളിലുള്ള മറ്റു സ്‌ക്രീനിംഗ് മെഷീനുകൾ പ്രവർത്തിപ്പിക്കാതെ ഒരു മെഷീൻ മാത്രം ഉപയോഗിച്ച് യാത്രക്കാരെ മണിക്കൂറുകളോളം ക്യൂവിൽ നിർത്തുക, സി.സി.ടി.വി പ്രവർത്തിപ്പിക്കാതിരിക്കുക, യാത്രക്കാരോട് മോശമായി പെരുമാറുക തുടങ്ങിയവയാണ് കസ്റ്റംസിനെതെിരെയുള്ള പരാതിയിൽ ഉന്നയിച്ചത്. കേന്ദ്ര കസ്റ്റംസ് ബോർഡ് ചെയർമാന് നൽകിയ പരാതിയുടെ പകർപ്പ് വിമാനത്താവള ഉപദേശക സമിതി അംഗം കൂടിയായ ടി.വി ഇബ്രാഹിം എം.എൽ.എക്കും ഷാക്കിർ നൽകിയിരുന്നു. ടി.വി ഇബ്രാഹിം എം.എൽ.എയോടൊപ്പമെത്തിയാണ് ഷാക്കിർ വിമാനത്താവള ഡയറക്ടറെ കണ്ട് പരാതി നൽകിയത്. കസ്റ്റംസിനെതിരെ നേരത്തെയും ആക്ഷേപങ്ങൾ ഉണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവർത്തന യോഗ്യമല്ലെന്ന് പറഞ്ഞാണ് രണ്ടാമത്തെ സ്‌ക്രീനിംഗ് മെഷീൻ കസ്റ്റംസ് ഡിപാർട്ട്മെന്റ് ഉപയോഗിക്കാതിരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഉപയോഗിക്കാതിരുന്ന സ്‌ക്രീനിംഗ് മെഷീന് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തിയതായും അടുത്ത ദിവസം തന്നെ രണ്ടാമത്തെ സ്‌ക്രീനിംഗ് മെഷീനും പ്രവർത്തിപ്പിക്കാൻ കസ്റ്റംസ് വിഭാഗത്തിന് നിർദേശം നൽകിയതായും ഡയറക്ടർ പറഞ്ഞു. പണി പൂർത്തിയായ കരിപ്പൂരിലെ പുതിയ അന്താരാഷ്ട്ര ടെർമിനൽ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുമെന്നും അതോടെ കുറ്റമറ്റ സേവനങ്ങൾ ലഭ്യമാക്കുമെന്നും വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു ഉറപ്പ് നൽകി. 


 


 

Latest News