Sorry, you need to enable JavaScript to visit this website.

കേരളത്തിൽ രണ്ട് ഹജ് എംബാർക്കേഷൻ: കരിപ്പൂരിന് തിരിച്ചടിയാകുമെന്ന് ആശങ്ക

  • *വിമാന നിരക്കിലും മാറ്റമുണ്ടായേക്കും

കൊണ്ടോട്ടി- കേരളത്തിൽ ഈ വർഷം മുതൽ രണ്ട് ഹജ് എംബാർക്കേഷൻ പോയന്റ് സ്ഥാപിക്കാനുളള നടപടി കരിപ്പൂരിന് തിരിച്ചടിയാവുമെന്ന് ആശങ്ക. ഈ വർഷം മുതൽ ഹജിന് അപേക്ഷിക്കുന്നവർക്ക് യാത്രക്കായി കരിപ്പൂർ വിമാനത്താവളമോ, നെടുമ്പാശ്ശേരിയോ തെരഞ്ഞെടുക്കാനാണ് അവസരമുളളത്.
ഹജ് എംബാർക്കേഷൻ രണ്ടാക്കുന്നതോടെ വിമാന നിരക്കിൽ വ്യത്യാസങ്ങളുണ്ടാവാനാണ് സാധ്യത. വിമാന കമ്പനികളിൽ നിന്ന് ഹജ് ടെൻഡർ ക്ഷണിക്കുമ്പോൾ രണ്ടിടങ്ങളിലും വ്യത്യസ്ത ടിക്കറ്റ് നിരക്കായിരിക്കും വിമാന കമ്പനികൾ നൽകുക. കുറഞ്ഞ നിരക്ക് നൽകുന്നവർക്കാണ് സർവ്വീസിന് അനുമതി നൽകാറുളളത്. രണ്ട് വിമാനത്താവളങ്ങളിലും വ്യത്യസ്ത വിമാന നിരക്കുകളാണുളളത്. ഇത് കരിപ്പൂരിന് തിരിച്ചടിയാകുമെന്ന ആശങ്കയാണുളളത്. രണ്ടിടങ്ങളിൽ നിന്നും ഓരേ വിമാന കമ്പനികൾ ക്വട്ടേഷൻ നൽകണമെന്നുമില്ല. ഓരേ നിരക്കിൽ യാത്രക്ക് തയ്യാറായി വിമാനക്കമ്പനികൾ എത്തിയാൽ രണ്ടിടങ്ങളിലും ഹജ് ക്യാമ്പ് നടത്തേണ്ട ഗതികേടും സംസ്ഥാന ഹജ് കമ്മിറ്റിക്കുണ്ടാവും.
ഹജ് അപേക്ഷകരിൽ വർഷങ്ങളായി 84 ശതമാനം ആളുകളും മലബാറിൽ നിന്നുളളവരാണ്. ആയതിനാലാണ് കരിപ്പൂർ കേരളത്തിന്റെ ഹജ് എംബാർക്കേഷൻ പോയന്റായി നേരത്തെ പ്രഖ്യാപിച്ചത്. പിന്നീട് റൺവേ റീ-കാർപറ്റിങിനെ തുടർന്ന് 2015 ൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ മൂന്ന് വർഷമായി കരിപ്പൂരിലെ ഹജ് സർവ്വീസുകൾ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് സർവ്വീസിന് അനുമതിയായതോടെയാണ് ഹജ് എംബാർക്കേഷൻ ഈ വർഷം പുനഃസ്ഥാപിച്ചത്. എന്നാൽ കരിപ്പൂരിനൊപ്പം നെടുമ്പാശ്ശേരിയേയും പരിഗണിച്ചിരിക്കുകയാണ്. 
  ഹജ് പോളിസിയിൽ എംബാർക്കേഷൻ പോയിന്റുകൾ കുറക്കാനാണ് കഴിഞ്ഞ വർഷം കേന്ദ്ര ഹജ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം പോലുളള ചെറിയ സംസ്ഥാനത്ത് അടക്കം രണ്ട് ഹജ് എംബാർക്കേഷൻ പോയന്റ് സ്ഥാപിച്ചത് സ്വകാര്യ മേഖലയിലെ വിമാനത്താവളത്തെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ ദൂരപരിധി നോക്കിയാണ് ഒരേ സംസ്ഥാനത്ത് ഒന്നിലധികം ഹജ് എംബാർക്കേഷൻ പോയന്റുകൾ സ്ഥാപിച്ചിട്ടുളളത്. എന്നാൽ രണ്ടു ജില്ലകൾക്ക് സമീപത്ത് തന്നെ ഹജ് എംബാർക്കേഷൻ പോയന്റുകളാണ് കേരളത്തിൽ അനുവദിച്ചിട്ടുളളത്. എയർ ഇന്ത്യയും സൗദി എയർലൈൻസുമാണ് പ്രധാനമായും കേരളത്തിൽ ഹജ് സർവ്വീസ് നടത്താറുളളത്. ഇതിൽ സൗദി എയർലൈൻസിന് മാത്രമാണ് നിലവിൽ വലിയ വിമാന സർവീസ് നടത്താൻ വ്യോമായാന മന്ത്രാലായം അനുമതി നൽകിയത്. കഴിഞ്ഞ വർഷം 12,000 തീർത്ഥാടകരിൽ ആകെ 1300 പേർ മാത്രമാണ് എറണാകുളം മുതൽ തിരുവന്തപുരം വരെയുളള ജില്ലകളിൽ നിന്ന് ഹജിന് പുറപ്പെട്ടത്.
            
               


 

Latest News