തലശ്ശേരി- ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായി റിമാൻഡിലായ ഏഴു പ്രതികളെ തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ എം.പി ആസാദിന്റെ ഹരജി പരിഗണിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകിയത.്
തൃശൂർ മാങ്കുളം സ്വദേശി പണപ്രാവിൻ വീട്ടിൽ വിനു (36), തൃശൂർ കൊടകര സ്വദേശി കനകമലയിൽ ചെള്ളാടൻ വീട്ടിൽ ദീപു (33), മലപ്പുറം അരീക്കോട് സ്വദേശി ഏലിക്കോട് വീട്ടിൽ ലത്തീഫ് (42), തലശ്ശേരി ചിറക്കുന്നി സ്വദേശി കുൽഷൻ വീട്ടിൽ നൗഫൽ(36), തൃശൂർ ആമ്പല്ലൂർ കള്ളിപ്പറമ്പിൽ വീട്ടിൽ ആൽവിൻ (31), പാലക്കാട് ആലത്തൂർ സ്വദേശി ഷിജു ആന്റോ (39), തൃശൂർ കൊടകര സ്വദേശി റിജീഷ് (34) എന്നിവരെയാണ് കസ്റ്റഡിയിൽ കോടതി വിട്ടു നൽകിയത.് തലശ്ശേരിയിലെ മത്സ്യ മൊത്ത വ്യാപാരി സെയ്ദാർ പളളിക്ക് സമീപത്തെ ജഗന്നാഥ ടെമ്പിൾ റോഡിലെ ഹുദയിൽ മജീദിന്റെ വീട്ടിലാണ് മോഷണം നടന്നിരുന്നത.് സെപ്തംബർ 20ന് പുലർച്ചെയായിരുന്നു സംഭവം. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച കെ.എൽ 01 എഎൽ 861 ഇന്നോവയും കെ.എൽ 63 ഇ 5787 ബൊലേനോ കാറും പോലീസ് പിടിച്ചെടുത്തിരുന്നു.
സെപ്തംബർ 20ന് പുലർച്ചെ മൂന്നു മണിക്കാണ് പ്രതികൾ മത്സ്യ വ്യാപാരിയായ പി.പി.എം ഗ്രൂപ്പ് ഉടമ മജീദിന്റെ വീട്ടിൽ എത്തിയത്. മജീദും ഭാര്യയും മാത്രമെ അപ്പോൾ വീട്ടിലുണ്ടായിരുന്നുള്ളു. ആദായ നികുതി വകുപ്പ് ഓഫീസർ,മൂന്ന് ഉദ്യോഗസ്ഥർ,ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണ് പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പ് ഓഫീസറെന്ന് പരിചയപ്പെടുത്തിയയാൾ തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. മുറികളിൽ കയറി പരിശോധിച്ച് അരമണിക്കൂറിനകം തിരിച്ചുപോകയും ചെയ്തിരുന്നു. സംഘം കൊണ്ടുവന്ന ഒരു ബാഗ് മടക്കി കൊണ്ടുപോയില്ല. ഇത് അന്വേഷിച്ച് തിരിച്ച് വിളിക്കാതിരുന്നപ്പോഴാണ് വീട്ടുടമയ്ക്ക് സംശയമുണ്ടായത്. ഇതേത്തുടർന്ന് മുറിയിലെ പഴ്സിൽ സൂക്ഷിച്ച 25000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്നാണ് പോീസിൽ മജീദ് പരാതി നൽകിയത്. തലശ്ശേരി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ ചിറക്കുനി സ്വദേശി നൗഫൽ മുഖേനയാണ് പ്രതികൾ മജീദിന്റ വീട്ടിൽ കവർച്ചക്കെത്തിയത്. അറസ്റ്റിലായ പ്രതികൾ കൊലപാതക കേസിലുൾപ്പെടെ പ്രതികളാണ്
പ്രതികൾ കവർച്ച ആസൂത്രണ ചെയ്ത പറശ്ശിനിക്കടവിലെ ലോഡ്ജ്, പാലക്കാട്ടെ വാടക വീട്, ചാലക്കുടിയി മേഖലയിലെ പ്രതികളുടെ താവളം എന്നിവിടങ്ങളിൽ പ്രതികളെ കൊണ്ട്‌പോയി പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. കേസിലെ മുഖ്യപ്രതിയായ തമിഴ്‌നാട് സ്വദേശിയെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.