പാലക്കാട്- വോൾവോ ബസിൽ കടത്തിയ നാലു കോടിയുടെ സ്വർണ ബിസ്‌കറ്റ് എക്‌സൈസ് പിടികൂടി. രാജസ്ഥാൻ നഗൗർ നാവ സ്വദേശി മഹീന്ദ്രകുമാറിനെ (24) അറസ്റ്റ് ചെയ്തു. ഒരു കിലോയുടെ മൂന്നു ബിസ്‌കറ്റും ബാക്കി 78 ചെറിയ ബിസ്‌കറ്റുകളുമായി ആകെ 10.880 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ബാഗിൽ തുണികൾക്കിടയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സ്വർണ ബിസ്‌കറ്റുകൾ വിദേശത്തു നിന്നും എത്തിച്ചതാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വോൾവോ ബസിലാണ് സ്വർണം കടത്തിയത്.
എക്‌സൈസ് മണ്ണാർക്കാട് റേഞ്ച് പാർട്ടി വാളയാർ ടാക്‌സ് ഡ്യൂട്ടിയുടെ ഭാഗമായി ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ടോൾ പ്ലാസ പരിസരത്തു നടത്തിയ വാഹന പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പിടിയിലായ മഹീന്ദ്രകുമാർ വെറുമൊരു ഏജന്റ് മാത്രമാണെന്നും മാസ ശമ്പള അടിസ്ഥാനത്തിലാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എറണാകുളത്തേക്കാണ് സ്വർണം കൊണ്ടുവന്നിരുന്നത്.
എക്‌സൈസ് സംഘം വിവരം കസ്റ്റംസിനെ അറിയിച്ചെങ്കിലും ആദ്യം അവർ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് സ്വർണവും പ്രതിയെയും ജി.എസ്.ടി വകുപ്പിന് കൈമാറി. പിന്നീട് ബംഗളൂരുവിൽ നിന്നും കസ്റ്റംസ് സംഘം ഫോണിൽ ബന്ധപ്പെടുകയും പാലക്കാട്ടേക്ക് തിരിക്കുകയും ചെയ്തതായ വിവരമുണ്ട്. മണ്ണാർക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്മണ്യൻ, പ്രിവന്റീവ് ഓഫീസർ പി.എം. ഷാനവാസ്, സിവിൽ എക്‌സൈസ് ഓഫീസർ ഇ.ആർ. രാജേഷ്, ഡ്രൈവർ രാമു എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.