Sorry, you need to enable JavaScript to visit this website.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യത്തിലിറങ്ങി

ജാമ്യം കിട്ടി ജയിലിൽനിന്ന് പുറത്തിറങ്ങിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാനെത്തിയ  പി.സി. ജോർജും മറ്റു വിശ്വാസികളും

കോട്ടയം- കന്യാസ്ത്രീ പീഡന  കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ  മോചിതനായി. 22 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഇന്നലെ  ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബിഷപ്പ് ജയിലിന് പുറത്തിറങ്ങിയത്. സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിൽ 5968 നമ്പർ തടവുകാരനായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കൽ.
പ്രതികരണം തേടി പുറത്ത് കാത്തു നിന്നിരുന്ന മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ, ജയിൽ കവാടത്തിനടുത്ത് തന്നെ കാത്തു കിടന്ന ഇന്നോവ കാറിൽ പോലീസ് സഹായത്തോടെ കയറി അതിവേഗം ഫ്രാങ്കോ മുളയ്ക്കൽ പോയി. തൃശൂരിലുള്ള സ്വവസതിയിലേക്കാണ് ബിഷപ്പ് പോയത്. കേരളം 24 മണിക്കൂറിനകം വിടണമെന്ന ജാമ്യ ഉപാധിയുളളതിനാൽ വൈകാതെ തന്നെ ജലന്ധറിലേക്ക് തിരിക്കും. 
പി.സി.ജോർജ് എം.എൽ.എ, മകൻ ഷോൺ ജോർജ്, മിഷനറീസ് ഓഫ് ജീസസ് സന്ന്യാസിനീ സമൂഹത്തിലെ ഏതാനും കന്യാസ്ത്രീകൾ എന്നിവർ ജയിൽ കവാടത്തിൽ എത്തിയിരുന്നു. ബിഷപ്പിന് പിന്തുണയുമായി ഏതാനും വിശ്വാസികൾ കൊന്തയുമേന്തി ജയിലിന് പുറത്ത് പ്രാർത്ഥനയോടെ നിലയുറപ്പിച്ചിരുന്നു. ജയിലിൽ നിന്നിറങ്ങുന്ന ബിഷപ്പിനെ കാണാൻ ജനങ്ങളും പുറത്ത് കാത്തുനിന്നിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ബിഷപ്പ്  പീഡന കേസിൽ ജയിലിൽ കഴിയുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മുമ്പ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ കിട്ടാൻ വൈകിയതിനാൽ മോചന ഉത്തരവ് നൽകാൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ ഹൈക്കോടതി ഉത്തരവ് പരിഗണിച്ച കോടതി ബിഷപ്പിന്റെ ജയിൽ മോചന ഉത്തരവ് നൽകി. ഒരു മണിയോടെ മജിസ്‌ടേറ്റ് കോടതി ഉത്തരവിന്റെ പകർപ്പ് ബിഷപ്പിന്റെ അഭിഭാഷകർ സബ് ജയിലിലെത്തിച്ചു. കർശന ഉപാധികളോടെയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസം 24 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡ് തടവുകാരനായി പാലാ സബ് ജയിലിൽ എത്തുന്നത്. ജലന്തർ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിൽപെട്ട കുറവിലങ്ങാട് മണ്ണയ്ക്കനാട്ട് മഠത്തിലെ ഒരു കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണം നടത്തി  കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡു ചെയ്തത്. 21 ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട ശേഷം 24 നാണ് ബിഷപ്പിന്റെ ജാമ്യ ഹരജി തള്ളി കോടതി റിമാൻഡ് ഉത്തരവായത്. ഇതിനിടെ രണ്ട് തവണ ബിഷപ്പിന് വേണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജി കോടതി തള്ളിയിരുന്നു.

 

 

Latest News