Sorry, you need to enable JavaScript to visit this website.

കാലാവധി കഴിഞ്ഞ ടയറും മോശം എന്‍ജിന്‍ ഓയിലും; സ്ഥാപനം അടപ്പിച്ചു

മക്ക - വാണിജ്യ വഞ്ചന നടത്തിയ ടയർ കട പതിനഞ്ചു ദിവസത്തേക്ക് അടപ്പിക്കുന്നതിന് മക്ക ക്രിമിനൽ കോടതി ഉത്തരവിട്ടു. സ്ഥാപനത്തിന് പിഴ ചുമത്തിയിട്ടുമുണ്ട്. സ്ഥാപനം നടത്തിയ നിയമ ലംഘനവും അതിനുള്ള ശിക്ഷയും സ്ഥാപനത്തിന്റെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്. 
സൗദി പൗരൻ സഅദ് സഈദ് അഹ്മദ് അൽമൈമൂനിയുടെ ഉടമസ്ഥതയിൽ മക്കയിൽ പ്രവർത്തിക്കുന്ന അൽമൈമൂനി ടയർ സെന്റർ അടപ്പിക്കുന്നതിനാണ് കോടതി വിധിച്ചത്. കാലാവധി  തീർന്ന ടയറുകളും ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത എൻജിൻ ഓയിലുകളും വിൽപനക്ക് പ്രദർശിപ്പിച്ച കേസിലാണ് സ്ഥാപനത്തെ കോടതി ശിക്ഷിച്ചത്. വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കാലാവധി തീർന്ന ടയറുകളും ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത എൻജിൻ ഓയിലുകളും കണ്ടെത്തിയിരുന്നു. ഇവ മന്ത്രാലയ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. 
അന്വേഷണം പൂർത്തിയാക്കിയ വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കുന്നതിന് സ്ഥാപനത്തിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ വിധിക്കുന്നതിന് വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്. വാണിജ്യ വഞ്ചനാ കേസ് പ്രതികളായ വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തും. കുറ്റക്കാരായ സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താനും നിയമം അനുശാസിക്കുന്നുണ്ട്. വാണിജ്യ വഞ്ചനകളെയും വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയോ ഉപയോക്താക്കൾ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Latest News