റിയാദ് - സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി ചർച്ച ചെയ്തു. റിയാദ് അൽ യെമാമ കൊട്ടാരത്തിൽ വെച്ചാണ് പോംപിയോ സൽമാൻ രാജാവിനെ കണ്ടത്. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇവ പരിഹരിക്കുന്നതിന് നടത്തുന്ന സംയുക്ത ശ്രമങ്ങളും കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശ മന്ത്രി ആദിൽ അൽജുബൈർ, സഹമന്ത്രി ഡോ.മുസാഅദ് അൽഈബാൻ എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും യു.എസ് വിദേശകാര്യ സെക്രട്ടറി പ്രത്യേകം ചർച്ച നടത്തി. ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, ഡോ.മുസാഅദ് അൽ ഈബാൻ, ആദിൽ അൽജുബൈർ, ജനറൽ ഇന്റലിജൻസ് മേധാവി ഖാലിദ് അൽഹുമൈദാൻ എന്നിവർ സന്നിഹിതരായിരുന്നു. നേരത്തെ റിയാദ് എയർപോർട്ടിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറിയെ ആദിൽ അൽജുബൈറും ഖാലിദ് ബിൻ സൽമാൻ രാജകുമാരനും പ്രോട്ടോകോൾ കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി അംബാസഡർ അസ്സാം അൽഖൈനും ചേർന്ന് സ്വീകരിച്ചു. സൗദി സന്ദർശനം പൂർത്തിയാക്കി മൈക് പോംപിയോ തുർക്കിയിലേക്ക് പോകും. ഇന്ന് തുർക്കി സന്ദർശിക്കുന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറി തുർക്കി വിദേശ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
അതിനിടെ, തുർക്കി ഫോറൻസിക് സംഘം ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ ഇന്നലെ രാവിലെ പരിശോധന പൂർത്തിയാക്കി. പരിശോധന മണിക്കൂറുകൾ നീണ്ടു. തിങ്കളാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൽമാൻ രാജാവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇരുപതു മിനിറ്റ് നീണ്ടുനിന്ന ടെലിഫോൺ സംഭാഷണത്തിനിടെ ജമാൽ ഖശോഗിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇക്കാര്യത്തിൽ സത്യം പുറത്തു കൊണ്ടുവരുന്നതിനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും സൽമാൻ രാജാവ് അമേരിക്കൻ പ്രസിഡന്റിനോട് പറഞ്ഞു.
ഇതിനു ശേഷമാണ് സൗദി നേതാക്കളുമായി നേരിട്ട് സംസാരിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് വിദേശകാര്യ സെക്രട്ടറിയെ റിയാദിലേക്ക് അയച്ചത്. രണ്ടാഴ്ച മുമ്പാണ് ജമാൽ ഖശോഗിയെ ഇസ്താംബൂളിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ പ്രവേശിച്ച ശേഷം ഖശോഗിയെ കാണാതാവുകയായിരുന്നെന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ വിവാഹമോചന രേഖകൾക്ക് കോൺസുലേറ്റ് സന്ദർശിച്ച് നടപടികൾ പൂർത്തിയാക്കി ഖശോഗി വൈകാതെ പുറത്തിറങ്ങിയതായി സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.
ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സൗദി അറേബ്യ വിദഗ്ധ സംഘത്തെ തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണത്തിന് സൗദി, തുർക്കി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത സംഘം രൂപീകരിച്ചിട്ടുണ്ട്.