Sorry, you need to enable JavaScript to visit this website.

ഇന്ത്യക്ക് പെട്രോള്‍ ഉറപ്പാക്കും; കൂടുതല്‍ നിക്ഷേപമിറക്കും- സൗദി അറാംകോ

 സൗദി അറാംകോ സീനിയർ വൈസ് പ്രസിഡന്റ് എൻജിനീയർ അബ്ദുൽ അസീസ് അൽഖുദൈമി ന്യൂദൽഹിയിൽ ഇന്ത്യ എനർജി ഫോറത്തിൽ സംസാരിക്കുന്നു.

റിയാദ് - ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പു വരുത്താൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് സൗദി അറാംകോ സീനിയർ വൈസ് പ്രസിഡന്റ് എൻജിനീയർ അബ്ദുൽ അസീസ് അൽഖുദൈമി പറഞ്ഞു. 
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചുവരികയാണ്. ഇന്ത്യയുടെ ഊർജ സുരക്ഷ സാക്ഷാൽക്കരിക്കാൻ സൗദി അറാംകോ ദീർഘകാല പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ നൽകുന്നത് സൗദി അറാംകോ ആണ്. ഇന്ത്യയിൽ എണ്ണ സംസ്‌കരണ, വിപണന മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് ഊന്നൽ നൽകി ഇന്ത്യയിലെ ഉയർന്ന വളർച്ചാ നിരക്ക് പ്രയോജനപ്പെടുത്തുന്നതിന് സൗദി അറാംകോ പ്രവർത്തിച്ചുവരികയാണ്. രത്‌നഗിരി റിഫൈനറി, പെട്രോകെമിക്കൽ കമ്പനിയിലുള്ള സൗദി അറാംകോയുടെ പങ്കാളിത്തം ഇതാണ് പ്രതിഫലിപ്പിക്കുന്നത്. 
ഇന്ത്യയിൽ പെട്രോളിയം, പ്രകൃതി വാതക, പെട്രോകെമിക്കൽ മേഖലകളിൽ വളർച്ച പ്രോത്സാഹിപ്പിക്കുന്ന പങ്ക് വഹിക്കാനാണ് അറാംകോ ആഗ്രഹിക്കുന്നത്. എണ്ണ ഇറക്കുമതി, സംസ്‌കരണം, വിപണനം, പെട്രോകെമിക്കൽ, എൻജിൻ ഓയിൽ മേഖലകളിൽ ഇന്ത്യയിൽ അറാംകോ നിക്ഷേപങ്ങൾ നടത്തും. 
എണ്ണ സംസ്‌കരണ, വിപണന മേഖലകളിൽ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്താനുള്ള അറാംകോയുടെ ആഗോള തന്ത്രത്തിന്റെ ഭാഗമാണിതെന്നും എൻജിനീയർ അബ്ദുൽ അസീസ് അൽഖുദൈമി പറഞ്ഞു. 
അടുത്ത മാസം ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് നാൽപതു ലക്ഷം ബാരൽ എണ്ണ അധികം നൽകാൻ സൗദി അറാംകോ ആലോചിക്കുന്നതായി അഭിജ്ഞ വൃത്തങ്ങൾ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. എണ്ണ വില പിന്നോട്ടടിക്കുന്നതിനെതിരെ മുൻ വർഷങ്ങളിൽ സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിരുന്നു. വിലയിടിച്ചിൽ എണ്ണ ഖനന, പര്യവേക്ഷണ, ഉൽപാദന മേഖലകളിലെ നിക്ഷേപങ്ങളെ ബാധിച്ചേക്കുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തെ ആകെ പ്രതിദിന എണ്ണ ഉൽപാദനം 99 ദശലക്ഷം ബാരലാണ്. ഇതിൽ 32 ദശലക്ഷം ബാരൽ ഒപെക് രാജ്യങ്ങളുടെ വിഹിതമാണ്. സൗദി അറേബ്യയുടെ പരമാവധി പ്രതിദിന ഉൽപാദന ശേഷി 12.5 ദശലക്ഷം ബാരലാണ്. എന്നാൽ 10.7 ദശലക്ഷം ബാരൽ തോതിലാണ് രാജ്യം ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. 

 

Latest News