നോട്ട് നിരോധനവും നിരോധിത നോട്ടുകളുടെ കച്ചവടവുമെല്ലാം അങ്ങനെ ഒരു അദ്ഭുത സമസ്യയായി തുടരുകയാണ്. ഇന്ത്യൻ കറൻസിയിലെ കള്ളക്കച്ചവടം പൊളിഞ്ഞു തുടങ്ങിയതോടെ മറ്റു രാജ്യങ്ങളിലെ നിരോധിച്ച നോട്ടുകളും ഇപ്പോൾ നാട്ടിലെത്തിക്കാൻ തുടങ്ങിയിരിക്കുന്നു. തുർക്കിയിലെ നോട്ടുകളാണ് അടുത്ത കാലത്ത് എത്തിയത്. വരുംനാളുകളിൽ പല രാജ്യങ്ങളുടെയും നിരോധിച്ച നോട്ടുകളെ കുറിച്ച് കേൾക്കാനാകും.
പശുവും കയറും തമ്മിലുള്ള ബന്ധമാണ് ബാങ്കും ലോക്കറും തമ്മിലുള്ളത്. കയറ് സ്വന്തം കഴുത്തിലുണ്ടെങ്കിലും അതിന്റെ നിയന്ത്രണം പശുവിന്റെ കയ്യിലല്ല. ലോക്കർ അകത്താണെങ്കിലും അതിന്റെ പൂർണ നിയന്ത്രണം ബാങ്കുകാർക്കുമില്ല. ഇടപാടുകാരന് തീരുമാനിക്കാം, അതിനകത്ത് എന്തു വെക്കണമെന്ന്. അധികം പേരും സ്വർണം വെക്കുന്നു. ചിലർ ആധാരം വെക്കുന്നു. മറ്റു ചിലർ ഒസ്യത്ത് ഉൾപ്പെടെ വിലപിടിപ്പുള്ള രേഖകൾ, വസ്തുക്കൾ എന്നിവയൊക്കെ വെക്കാറുണ്ട്. ചിതാഭസ്മം വരെ ലോക്കറിൽ സൂക്ഷിക്കാറുണ്ടെന്ന് കേൾക്കുന്നു.
മലബാറിലെ ഒരു ബാങ്ക് ലോക്കറിൽ ഒരു ഇടപാടുകാരൻ നിറച്ചു വെച്ചത് കറൻസികളായിരുന്നു. മാനേജർ ഇത് അറിയേണ്ടതില്ലെന്നാണ് ചട്ടം. എന്നാൽ താക്കോൽ കൈമാറിയ ഇത്തിരി നേരം കൊണ്ട് ലോക്കറിലെ നോട്ടുകെട്ടുകൾ കണ്ട മനേജറുടെ കണ്ണ് തള്ളി. പ്രിയപ്പെട്ട ഇടപാടുകാരനോട് അദ്ദേഹം മൊഴിഞ്ഞു- ഈ പണം നമുക്ക് അക്കൗണ്ടിലിട്ടു കൂടേ. പലിശയും കിട്ടുമല്ലോ.
ഇടപാടുകാരൻ ചിരിച്ചു. അപ്പൊ, അതിന്റെ ടാക്‌സ് മാനേജര് കൊടുക്ക്വോ?
അവർ തമ്മിലുള്ള അഭിമുഖ സംഭാഷണം അവിടെ അവസാനിച്ചു. ഇരുവരും ലോക്കർ പൂട്ടി തിരിച്ചുപോയി. എന്നാൽ അവരുടെ സംഭാഷണം ഒരാൾ ഒളിച്ചിരുന്ന് കേൾക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് അർധരാത്രി മുതൽ രാജ്യത്ത് 1000,500 രൂപ നോട്ടുകൾ നിരോധിച്ചു. പിന്നീട് നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമെല്ലാം ചരിത്രം, ഇന്ത്യാ ചരിത്രം.
ചരിത്രമെന്നത് വിജയിച്ചവരുടേത് മാത്രമല്ല, പരാജയപ്പെട്ടവരുടേതു കൂടിയാണെന്നാണ് ചരിത്ര വാക്യം. പുതിയ രണ്ടായിരം രൂപ നോട്ടുകളുടെ ജൈത്ര യാത്രക്ക് പിന്നിൽ നിരോധിക്കപ്പെട്ട ആയിരങ്ങളുടെയും അഞ്ഞൂറുകളുടെയും വിയർപ്പും ചോരയുമുണ്ടെന്ന് പലരും മറന്നുപോയി. അത് മറക്കാത്ത കുറെ പേർ ഇവിടെയുണ്ട്. അവരുടെ കൈകളിലൂടെ അടിച്ചമർത്തപ്പെട്ട ആ നോട്ടുകൾ ഇപ്പോഴും എ.സി കാറുകളിൽ സഞ്ചരിക്കുന്നു.
പെരിന്തൽമണ്ണയിലെത്തുമ്പോൾ ഇടക്കൊന്ന് അടിതെറ്റും. പെരിന്തൽമണ്ണയിൽ ഭൂമിക്ക് ഗുരുത്വാഘർഷണ ശക്തി കൂടുതലാണ്. ഏതു വഴിയെ പോകുന്ന കുഴൽ പണക്കാരെയും നിരോധിത നോട്ടുകാരെയും സ്വർണക്കടത്തുകാരെയും മാഫിയാ ടീമുകളെയും ആകർഷിച്ച് അങ്ങോട്ട് വരുത്താനുള്ള കഴിവ് ഈ നഗരത്തിനുണ്ട്. തൃശൂരിൽ നിന്ന് നിലമ്പൂർ വഴി മൈസൂരിലേക്ക് കടക്കാനോ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്, മലപ്പുറം വഴി കോഴിക്കോട്ടേക്ക് കടക്കാനോ യാത്ര പുറപ്പെട്ടവരായിരിക്കും. പെരിന്തൽമണ്ണയിൽ എത്തിയാൽ ബെർമുഡ ട്രയാങ്കിളിൽ കുടുങ്ങിയ പോലെയാകും. ഇവിടെ മിടുക്കൻമാരായ പോലീസുകാരുള്ളതുകൊണ്ടാണിതെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. അതല്ല, മികച്ച ഒറ്റുകാർ ഈ മേഖലയിലാണുള്ളത് എന്നാണ് കുടുങ്ങിപ്പോയവർ പറയാറുള്ളത്. ഇതൊന്നുമല്ല, പെരിന്തൽമണ്ണയുടെ ഭൂമിശാസ്ത്രപരമായ കിടപ്പു കൊണ്ടാണെന്നാണ് മറ്റൊരു ചരിത്ര നിഗമനം.
നോട്ടുകൾ, നിരോധനത്തിന്റെ അപമാനം പേറി, ഒളിച്ചു കടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. എങ്ങോട്ടെന്നറിയാത്ത യാത്ര, വിശ്രമമില്ലാത്ത യാത്ര. ആരാണ് ഇടപാടുകാർ, എവിടെ വെച്ചാണ് കച്ചവടം, എം.ആർ.പി എത്രയാണ് തുടങ്ങിയ ചോദ്യങ്ങളൊന്നും ചോദിക്കരുത്.
ഇടപാടുകാരൻ അങ്ങകലെ ഏതോ മഹാ നഗരത്തിലെ ചില്ലു കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന് ദൂരദർശിനിയിലൂടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. നോട്ടുകളുമായി ഏതൊക്കെ വഴികളിലൂടെയാണ് വാഹനങ്ങൾ വരുന്നത്. അയാളുടെ ജോലി ഈ നോട്ടം മാത്രമാണ്. ഗ്രൗണ്ടിൽ കളിക്കുന്നത് ഏജന്റുമാരാണ്. രാവിലെ ഒരു ഏജന്റ് കാർ സ്റ്റാർട്ടാക്കും. അപ്പോൾ എവിടെ നിന്നോ കുറെ പേർ ഓടിയെത്തും. അവരെയും കയറ്റി ഒരു പോക്കാണ്. വഴിയിൽ ചിലരൊക്കെ വെള്ളയും വെള്ളയും ധരിച്ചു നിൽക്കുന്നുണ്ടാകും. പറ്റിയ പാർട്ടിയാണെങ്കിൽ അവരെയും കയറ്റും. ഒടുവിൽ കയറിയവന്റെ ചുമലിൽ അറിഞ്ഞൊന്ന് തോണ്ടി അയാളും ആ കച്ചവടത്തിൽ പങ്കാളിയാകും. കിട്ടിയാൽ ഊട്ടി. അല്ലെങ്കിൽ ചട്ടി. ഇന്ത്യയുടെ റിസർവ് ബാങ്ക് ഗവർണറാകട്ടെ, കുറെ നാളായി ഉറങ്ങിയിട്ടില്ല. ഗവേഷണം നടത്തിയിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. എങ്ങോട്ടാണ് ഈ നിരോധിത നോട്ടുകൾ കൊണ്ടുപോകുന്നത്. ഇവിടെ വേണ്ടെന്ന് പല വട്ടം പറഞ്ഞതാണ്. മാറ്റിത്തരാമെന്ന് നേരത്തെ നൂറു വട്ടം ആവർത്തിച്ചതാണ്. അന്ന് മിണ്ടാതിരുന്നവർ ഇപ്പോൾ കാലാവധി കഴിഞ്ഞപ്പോൾ നോട്ടുകെട്ടുമായി ഇറങ്ങിയിരിക്കുന്നു. ഏതെങ്കിലും ബാങ്കുകൾ അഡ്ജസ്റ്റ്‌മെന്റ് നടത്തുന്നുണ്ടോ എന്നും പരിശോധിച്ചു. സർക്കാർ പ്രസിലും പഴയ നോട്ട് എടുക്കുന്നില്ല. പിന്നെ ആരാണ് ഈ കുംഭകോണത്തിന് പിന്നിൽ? ഇനി കുംഭകോണത്തുള്ള ഏതെങ്കിലും ഏജന്റുമാരായിരിക്കുമോ?
ഏജന്റുമാർക്ക് ഒരു കാര്യം മാത്രമറിയാം. റേറ്റ് എത്ര എന്ന് ചോദിച്ചാൽ നൂറ്റിക്ക് മുപ്പത് എന്ന് ഏത് ഉറക്കത്തിലും അവർ പറയും. അതു മാത്രമേ പറയൂ, അറിയൂ. പഴയ നോട്ടുകൾ കെട്ടിപ്പൂട്ടി വെച്ച ഏതെങ്കിലുമൊരു വേദനിക്കുന്ന കോടീശ്വരനെ അവർക്ക് വഴിയിൽ നിന്ന് ഇടക്കിടെ ലക്കിന് വീണുകിട്ടാറുണ്ട്. ബിസിനസിന്റെ ആദ്യ ഘട്ടം ഉറപ്പിക്കും. നിങ്ങളൂടെ കയ്യിലുള്ള കോടികളിൽ ചെറിയൊരു കോടി ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിൽ ഞങ്ങളെ ഏൽപിക്കൂ. രണ്ടാഴ്ചക്കകം നിങ്ങൾക്ക് കാൽ കോടിയുടെ പുതിയ നോട്ടുകൾ എത്തിക്കും. ബാക്കി കോടികൾ തുടർന്ന് മാറ്റിത്തരാം.
കൊല്ലത്തിലേറെയായി അട്ടത്ത് മാറാല കെട്ടിക്കിടക്കുന്ന പഴയ നോട്ടുകൾ പുറത്തു ചാടുകയായി. പിന്നീട് വിനോദ സഞ്ചാരമാണ്. സഞ്ചാരത്തിനിടയിൽ ഒന്നുകിൽ പോലീസിന്റെ വലയിൽ കുടുങ്ങും. അല്ലെങ്കിൽ മേലനങ്ങാതെ പണമുണ്ടാക്കുന്ന വിദ്യയിൽ ഗവേഷണം നടക്കുന്ന ഏതെങ്കിലുമൊരു ചെറു കോടീശ്വരനെ കണ്ടെത്തും. പഴയ നോട്ടുകൾ കാണിച്ച് ഡീൽ ഉറപ്പിക്കും. മുപ്പത് ശതമാനം കൊടുത്താൽ ഈ നോട്ടുകൾ വാങ്ങാം. നാൽപത് ശതമാനത്തിന് വാങ്ങാൻ ചെന്നൈയിലും ബാംഗ്ലൂരിലും പാർട്ടി റെഡി. വെറും നാലു ദിവസം കൊണ്ട് പത്തു ശതമാനം പോക്കറ്റിലിടാം.
ഡീൽ ഉറപ്പിച്ച് അഡ്വാൻസ് വാങ്ങി ഏജന്റുമാർ യാത്രയാകുന്നു. വഴിയിൽ കൂടുതൽ കോടീശ്വരന്മാരെ കാണുന്നു. അവിടെയും കച്ചവടങ്ങൾ ഉറപ്പിക്കുന്നു. അഡ്വാൻസുമായി യാത്രയാകുന്നു. പോയ വഴിയിലൂടെയൊന്നും അവർ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പറഞ്ഞു കേൾക്കുന്നു.
നോട്ട് നിരോധനവും നിരോധിത നോട്ടുകളുടെ കച്ചവടവുമെല്ലാം അങ്ങനെ ഒരു അദ്ഭുത സമസ്യയായി തുടരുകയാണ്. ഇന്ത്യൻ കറൻസിയിലെ കള്ളക്കച്ചവടം പൊളിഞ്ഞു തുടങ്ങിയതോടെ മറ്റു രാജ്യങ്ങളിലെ നിരോധിച്ച നോട്ടുകളും ഇപ്പോൾ നാട്ടിലെത്തിക്കാൻ തുടങ്ങിയിരിക്കുന്നു. തുർക്കിയിലെ നോട്ടുകളാണ് അടുത്ത കാലത്ത് എത്തിയത്.
വരും നാളുകളിൽ പല രാജ്യങ്ങളുടെയും നിരോധിച്ച നോട്ടുകളെ കുറിച്ച് കേൾക്കാനാകും. ഏതെല്ലാം രാജ്യങ്ങളിൽ നോട്ട് നിരോധനം നടപ്പാക്കിയിട്ടുണ്ടെന്ന് വരും തലമുറ പഠിക്കാനിരിക്കുന്നത് തന്നെ ഈ മാഫിയാ സംഘങ്ങളിൽ നിന്നായിരിക്കും. രാജ്യത്തിന്റെ വിജ്ഞാന ശാഖക്ക് വലിയ സംഭാവനകൾ നൽകുന്ന ഇവരെ പട്ടുംവളയും നൽകിയില്ലെങ്കിലും പുട്ടും കടലയും നൽകിയെങ്കിലും ആദരിക്കണം.