ഇന്ത്യൻ ജനാധിപത്യത്തിനു കരുത്ത് നൽകുകയും കൂടുതൽ സുതാര്യമാക്കുകയും ചെയ്ത വിവരാവകാശ നിയമം 13 വർഷം തികഞ്ഞിട്ടും ഇപ്പോഴും സ്മാർട്ടാകുന്നില്ല. അപേക്ഷാ പേപ്പറിൽ അപേക്ഷ തയ്യാറാക്കി, നിശ്ചിത ഫീസുമടച്ച് രജിസ്‌ട്രേഡ് പോസ്റ്റ് അയച്ച് ദിവസങ്ങൾ കാത്തിരുന്നാൽ മാത്രമേ ഇന്നും അപേക്ഷകന് മറുപടി കിട്ടുകയുള്ളൂ. വിവരാവകാശ പ്രക്രിയ പൂർണമായും ഓൺലൈൻ ആക്കുമെന്ന് പറഞ്ഞ് വർഷങ്ങളായിട്ടും ആ ദിശയിൽ കാര്യമായ നീക്കമൊന്നും നടക്കുന്നില്ല എന്നാണ്. ഒരു ഘട്ടത്തിൽ എല്ലാ തയ്യാറെടുപ്പുകളുമായെന്ന് ഐ.ടി മിഷൻ തന്നെ പ്രഖ്യാപിച്ചിരുന്നു. പേക്ഷ ഒന്നും സംഭവിക്കുന്നില്ല. നിയമം കൂടുതൽ സ്മാർട്ടാകുന്നത് തടയാൻ ശ്രമിക്കുന്നതാകട്ടെ, ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളുമാണ്. നിയമത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനാലാണ് ഇക്കാര്യത്തിൽ ഉദാസീനതയെന്നുമാണ് വിവരാവകാശ പ്രവർത്തകരുടെ വിമർശനം. അതിനായി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതായും ആരോപണമുണ്ട്.
വിവരാവകാശ നിയമം വന്ന അന്നു മുതലേ അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ശക്തമായിരുന്നു. നിയമം നടപ്പായതിന്റെ പേരിൽ കയ്യടി വാങ്ങിയ യു പി എ സർക്കാർ തന്നെ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും അതിന്റെ പരിധിയിൽ നിന്ന് ഒിവാക്കാൻ ശ്രമിച്ചിരുന്നു. അധികാര കേന്ദ്രങ്ങൾക്കൊപ്പം അവയെ നിയന്ത്രിക്കുന്ന യഥാർത്ഥ അധികാര കേന്ദ്രങ്ങളായ രാഷ്ട്രീയ പാർട്ടികൾ നിയമത്തിനു പുറത്താണ്. തങ്ങൾ എല്ലാ നിയമങ്ങൾക്കും അതീതരാണെന്നും ജനങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ മറുപടി പറയേണ്ടവരല്ല എന്നുമുള്ള നിലപാടിൽ തന്നെയാണ് പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം. പാർട്ടികൾ പൊതു അധികാര കേന്ദ്രങ്ങളല്ല എന്നതാണ് നേതാക്കളുടെ പ്രധാന വാദം. ജനാധിപത്യത്തിൽ രാഷട്രീയ പാർട്ടികൾ ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടുന്നു. ജനങ്ങളാണ് അവരെ അധികാരത്തിലെത്തിക്കുന്നത്. എന്നിട്ടും ജനങ്ങൾക്കു മുന്നിൽ സുതാര്യരാകാൻ അവർ തയ്യാറല്ല എന്നത് ജനാധിപത്യ സംവിധാനത്തിനു ഭൂഷണമല്ല. വികസിത മുതലാളിത്ത രാജ്യങ്ങളിൽ പോലും കാണാനാവാത്ത വിധം ഭീമാകാര രൂപം പൂണ്ട അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും കുടുംബ വാഴ്ചയുടെയും ഉദാഹരണങ്ങൾ രാഷ്ട്രീയത്തിൽ എത്ര വേണമെങ്കിലും ഇവിടെ കാണാം. ഇലക്ഷൻ കമ്മീഷന്റെ സക്രിയത്വം, മനുഷ്യാവകാശ കമ്മീഷൻ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയവയെല്ലാം അവർക്ക് ഭീഷണിയാണല്ലോ. മന്ത്രിസഭാ തീരുമാനങ്ങൾ പോലും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുത്താൻ തയ്യാറാകാത്തത് വലിയ വാർത്തയായിരുന്നല്ലോ.
കൂടാതെ രാജ്യരക്ഷയുടെ പേരു പറഞ്ഞ് സി ബി ഐ, വിജിലൻസ് തുടങ്ങി പല വകുപ്പുകളെയും ഇപ്പോൾ പോലും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സഹകരണ മേഖലയെ ഉൾപ്പെടുത്തിയതിന്റെ കാരണം ആർക്കുമറിയില്ല. ആവശ്യപ്പെടുന്ന വിവരങ്ങൾ ലഭ്യമല്ല എന്ന സ്ഥിരം മറുപടിയെ തടയാനുള്ള സംവിധാനങ്ങളും ഇതുവരെയും ആയിട്ടുമില്ല. പതിനായിരക്കണക്കിനു കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ കാര്യത്തിലും ഒരു തീരുമാനവുമില്ല. ഇതൊക്കെ മൂലം വർഷം തോറും വിവരാവകാശ അപേക്ഷകളുടെ എണ്ണം കുറയുകയുമാണ്.
അതിനിടിയലാണ് വിവരാവകാശ നിയമത്തിന്റെ കഴുത്തരിയുന്ന നിയമ ഭേദഗതിക്ക് കേന്ദ്രം രൂപം നൽകാൻ ശ്രമിച്ചത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മീഷനുകളുടെ പദവിയും സേവന വ്യവസ്ഥകളും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനാണ് 2018 ലെ വിവരാവകാശ നിയമ ഭേദഗതിക്ക് രൂപം നൽകിയത്. പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് അതു നടന്നില്ലെങ്കിലും ഭീഷണി ഇപ്പോഴുമുണ്ട്.
13 വർഷം കൊണ്ടു തന്നെ ഈ നിയമം അധികാരികളുടെ ഉറക്കം കെടുത്തി എന്നതു തന്നെയാണ് പ്രശ്‌നം. നിയമമുപയോഗിച്ചതിന്റെ പേരിൽ എത്രയോ വിവരാവകാശ പ്രവർത്തകർ ഇതിനകം ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു.
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിർത്തുന്നതിനും അഴിമതി നിർമ്മാർജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബർ 12 നാണ് പ്രാബല്യത്തിൽ വന്നത്. ഭരണഘടന പ്രകാരമോ ലോക്‌സഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും സ്ഥാപനങ്ങളും സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയിൽ വരും. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സഹായധനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഏതു പദാർത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ, കംപ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ, പ്രിന്റൗട്ടുകൾ, ഫ്‌ളോപ്പികൾ, ഡിസ്‌കുകൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ മുതലായ രൂപത്തിൽ പകർപ്പായി ലഭിക്കാനും ഏതൊരു പൗരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തിൽ പരാതിയുള്ള വ്യക്തിക്ക് അപ്പീൽ സംവിധാനവും നിയമത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം വിവരം നൽകുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു.
ആഗോള മാനദണ്ഡങ്ങൾ വെച്ചുനോക്കിയാൽ പോലും നിയമ നിർമാണങ്ങളുടെ കാര്യത്തിൽ ഇതൊരു ഒരു നാഴികക്കല്ലായിരുന്നു. ലോകത്തുണ്ടാകുന്ന നിയമങ്ങളുടെ നിലവാരം പരിശോധിക്കുന്നവരുടെ അഭിപ്രായത്തിൽ, ഏറ്റവും ഫലപ്രദവും സുതാര്യവുമായ ഒരു നിയമ നിർമാണമാണ് വിവരാവകാശ നിയമം. 13 വർഷം മുമ്പ് ഇത്രയും ശക്തമായ നിയമമാണ് പിന്നീട് കാലത്തിനനുസരിച്ച് മുന്നോട്ടു പോകുന്നതിനു പകരം പിറകോട്ടടിക്കുന്നത്. അതംഗീകരിക്കുകയെന്നാൽ ജനാധിപത്യത്തെ ദുർബലമാക്കുക എന്നാണർത്ഥം. ആരംഭത്തിൽ പറഞ്ഞ പോലെ നിയമത്തെ കൂടുതൽ സ്മാർട്ടാക്കാനാണ് ജനാധിപത്യവാദികൾ ശബ്ദമുയർത്തേണ്ടത്.