മാനം തൊടുന്ന മലനിരകളിൽ നിന്നിറങ്ങിവന്ന മഴവിൽ ചാരുതയാണ് സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്ക് ദേശത്തിന് പ്രകൃതി കനിഞ്ഞു നൽകിയിട്ടുള്ളത്. മുകളിൽ അറ്റം കാണാത്ത പർവത പംക്തികൾ, താഴെ ജലസ്രോതസ്സുകളിൽ നിന്ന് വിടർന്നുയർന്ന താമര മുകുളങ്ങൾ പോലെ നിരവധി നീലത്തുരുത്തുകൾ. നൂറ്റാണ്ടുകളുടെ ചരിത്രം തുടിക്കുന്ന മൺചത്വരങ്ങളും ശിലാ സമുച്ചയങ്ങളും ഇതിഹാസം മയങ്ങുന്ന കോട്ടകൊത്തളങ്ങളും നിറഞ്ഞ പഴയ തബൂക്കിന്റെ ഉൺമ അതേ പടി നിലനിർത്തിയ സൗദി ടൂറിസം അധികൃതരുടെ ദീർഘദർശിത്വവും ഭാവനാസമ്പന്നതയും സമ്മതിക്കാതെ തരമില്ല.
തബൂക്ക് ഫോർട്ടിന്റെ പുരാതന കവാടങ്ങൾ തുറന്ന് പ്രാചീന ഗന്ധം ശ്വസിച്ചപ്പോൾ കാലം പഴമയുടെ പരവതാനി വിരിച്ചു, ഞങ്ങൾക്ക് മുമ്പിൽ. സന്ദർശകരുടെ കൂട്ടത്തിൽ നിന്ന് വേറിട്ടൊരു വ്യക്തിയെ പരിചയപ്പെട്ടു. തബൂക്ക് യൂണിവേഴ്‌സിറ്റി അധ്യാപകനും റിയാദ് സ്വദേശിയുമായ ഡോ. സുൽത്താൻ ആരിഫി. അദ്ദേഹത്തോടൊപ്പം കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ പഠിക്കുന്ന ഒരു സൗദി കൂട്ടുകാരനും മറ്റൊരു സൗദി അധ്യാപകനും കൂടിയുണ്ടായിരുന്നു. സുൽത്താൻ ആരിഫി ഞങ്ങളുടെ മുമ്പിൽ തബൂക്കിന്റെ ചരിത്രത്താളുകൾ നിവർത്തിത്തന്നു. ആധികാരികമായി തബൂക്കിനെക്കുറിച്ച് വിവരിക്കാൻ തീർത്തും അനുയോജ്യനായ ആതിഥേയനായി മാറി അദ്ദേഹം.
- നൂറിലധികം പഴയ കോട്ടകളുണ്ട് തബൂക്കിലും പരിസരങ്ങളിലും. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. സമയം കിട്ടിയാൽ അവയിൽ പ്രധാനപ്പെട്ടവയും ഒപ്പം ചെങ്കടലിന്റെ മനോഹര തീരങ്ങളും നിങ്ങൾ സന്ദർശിക്കണം. സുൽത്താൻ ആരിഫി ആവശ്യപ്പെട്ടു.
ഒരു ഗൈഡിനെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്. തബൂക്കിലെ സാമൂഹിക പ്രവർത്തകരായ മുജീബ് ചവറ, ലാലു ശൂരനാട് എന്നിവരും ഞങ്ങൾക്ക് വഴികാട്ടികളായി.
ഞങ്ങളിപ്പോൾ നിൽക്കുന്ന കോട്ടയ്ക്ക് താഴെയാണ് ബൈസന്റൈൻ (റോമാ) സാമ്രാജ്യവുമായുള്ള വിശ്വാസികളുടെ ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്. പ്രവാചകനും അനുചരരും യുദ്ധസന്നാഹത്തോടെ അണിനിരന്നത് വിളിപ്പാടകലെ. ആ സ്ഥലം പിന്നീട് പ്രവാചകന്റെ പള്ളിയായി രൂപാന്തരപ്പെട്ടു.
താഴെ കാണുന്ന വിശാലമായ താഴ്‌വരയിലാണ് ശത്രുസൈന്യം തമ്പടിച്ചത്. ഹിജ്‌റ വർഷം എട്ടിനായിരുന്നു ഇത്. സായുധരായ ശത്രു വ്യൂഹം പക്ഷേ, ഇപ്പുറത്ത് വിശ്വാസികളുടെ ആൾബലം മാത്രമല്ല ആത്മവിശ്വാസവും പോർവീര്യവും കൂടി കണ്ടതോടെ ആയുധം വെച്ച് കീഴടങ്ങുകയും യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുകയും ചെയ്തു. നടക്കാതെ പോയ യുദ്ധമായിരുന്നു അത്. തബൂക്ക് കോട്ടയ്ക്കുള്ളിലെ ശിലാലിഖിതങ്ങളിലും ചുമർരേഖകളിലും ഇക്കാര്യം ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. കോട്ടയും പരിസരവും പുരാവസ്തു സംരക്ഷണ കേന്ദ്രമായി സംരക്ഷിച്ചിട്ടുണ്ട്. പ്രവാചകനും അനുയായികളും തമ്പടിച്ച സ്ഥലത്തുയർന്ന, പൂർണമായും മണ്ണ് കൊണ്ട് പണിതുയർത്തിയ പള്ളി എ.ഡി 1652 ൽ പുനർനിർമിച്ചു. ഫൈസൽ രാജാവിന്റെ കാലത്ത് ഒരിക്കൽ കൂടി ഈ പള്ളി പുതുക്കിപ്പണിത് ഇന്ന് കാണുന്ന നിലയിലാക്കി.
ഓട്ടോമൻ സാമ്രാജ്യാധിപൻ സുൽത്താൻ സുലൈമാന്റെ കാലത്താണ് തബൂക്ക് കോട്ട നിർമിച്ചത്. 1844 ൽ കോട്ടയുടെ പ്രധാന ഭാഗങ്ങൾ നിലനിർത്തി വീണ്ടും പുനർനിർമാണം നടത്തുകയായിരുന്നുവെന്നും സുൽത്താൻ ആരിഫി വിവരിച്ചു.
ഉത്തര അറേബ്യയുടെ കവാടമാണ് തബൂക്ക്. സിറിയ, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരുടെ പുണ്യഭൂമിയിലേക്കുള്ള പ്രവേശന മാർഗം. നിരവധി യൂറോപ്യൻ സഞ്ചാരികളുടെയും യാത്രാപഥമായിരുന്നു തബൂക്ക്. അതുകൊണ്ടാണ് പ്രമുഖ റോമൻ കവിയും ശാസ്ത്രജ്ഞനുമായ ടോളമി, തബൂക്കിനെ അറേബ്യൻ ചരിത്ര ഭൂമികയുടെ പടിവാതിലായി വിശേഷിപ്പിച്ചത്.
സഹസ്ര വർഷം മുമ്പ് ഉസ്മാൻ സുലൈമാൻ യാനൂൻ നിർമിച്ച കോട്ടകളും കൊട്ടാരങ്ങളും മറ്റും അവയുടെ തനിമ ഒട്ടും ചോർന്നുപോകാതെ ഇന്നും നിലനിർത്തിയിരിക്കുകയാണിവിടെ. മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ സഞ്ചാര പഥമായതുകൊണ്ടാവണം, ടർക്കിഷ് നഗരമായ ഇസ്താംബൂളിൽ നിന്ന് മദീനയിലേക്കുള്ള പുരാതനമായ ഹിജാസ് റെയിൽവേയുടെ പ്രധാനപ്പെട്ട സ്റ്റോപ് ഓവറായിരുന്നു തബൂക്ക് റെയിൽവേ സ്റ്റേഷൻ. വിശാലമായ ഈ റെയിൽവേ സ്റ്റേഷനും റെയിൽപാളങ്ങളും മറ്റും ചരിത്ര സ്മാരകമായി ഇവിടെ അതേപടി നില നിർത്തിയിട്ടുണ്ട്. നിരവധി വിനോദ സഞ്ചാരികൾ ഹിജാസ് റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാനെത്താറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രധാനപ്പെട്ട സൈനിക ആസ്ഥാനം കൂടിയാണ് തബൂക്ക്. സൗദി കര-നാവിക-വ്യോമ സേനാ താവളങ്ങളുടെ കേന്ദ്രം കൂടിയാണിവിടം.
സുഖശീതളമായ കാലാവസ്ഥയാണ് തബൂക്കിലേത്. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയുണ്ടാകാറുണ്ട്. വാദി ദാം, അസാഫിർ തുടങ്ങിയ താഴ്‌വരകൾ നയന മനോഹരമാണ്. പച്ചക്കറി-പഴങ്ങളുടെ സങ്കേതമായ ആസ്ട്രാ ഫാമിൽ നിന്ന് സൗദിയുടെ പ്രധാന ഭാഗങ്ങളിലേക്ക് വൻതോതിലുള്ള കയറ്റുമതിയുമുണ്ട്. തബൂക്ക് നഗരം കാലക്രമേണ പൂന്തോപ്പുകളുടെയും പഴവർഗങ്ങളുടെയും സങ്കേതമായി മാറുമെന്ന റസൂലിന്റെ പ്രവചനം അന്വർഥമാക്കപ്പെട്ടിരിക്കുന്നു, ഇവിടെ.
തബൂക്കിൽ നിന്ന് 230 കിലോമീറ്റർ അകലെ ഹഖൽ എന്ന പ്രദേശം. ഈ യാത്ര ഞങ്ങളുടെ സ്വപ്‌നമായിരുന്നു. പക്ഷേ സമയക്കുറവ് കാരണം അത് സാധിച്ചില്ല. ഹഖലിൽ നിന്ന് നോക്കിയാൽ കടലിനക്കരെ ജോർദാന്റെയും ഈജിപ്തിന്റെയും ഇസ്രായിലിന്റെയും അതിരുകൾ കാണാനാവും.
തബൂക്കിലും പരിസരങ്ങളിലും നിരവധി ഇന്ത്യക്കാരുണ്ട്. മലയാളികളുടെ എണ്ണവും ഏറെയാണ്. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുണ്ട്. മലയാളികൾ തിങ്ങിപ്പാർക്കുന്നതും വാരാന്ത്യങ്ങളിൽ കൂടിക്കാഴ്ച നടത്തുന്നതുമായ സ്ഥലങ്ങളിലൊന്നാണ് കേരള മാർക്കറ്റ്.
മലപ്പുറം കൽപകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്വദേശി ഫൈസൽ കഴിഞ്ഞ 13 വർഷമായി ഇവിടെ കേരള റസ്റ്റോറന്റ് നടത്തുന്നു. സൈനിക ആശുപത്രികളിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി മൂവായിരത്തോളം മലയാളി നഴ്‌സുമാരുമുണ്ട് തബൂക്കിലും പരിസരങ്ങളിലും.
കെ.എം.സി.സി, ഒ.ഐ.സി.സി, മാസ് തബൂക്ക്, തനിമ തുടങ്ങിയ സംഘടനകളും മറ്റു മതസംഘടനകളും ഇവിടെ സേവന - ജീവകാരുണ്യ രംഗങ്ങളിൽ സജീവമാണ്. കോൺസുലേറ്റ് വെൽഫെയർ അസോസിയേഷൻ (സി.സി.ഡബ്ല്യൂ.എ) ചെയർമാനായി പ്രവർത്തിക്കുന്നത് സിറാജ് എറണാകുളമാണ്. തൈമ എന്ന സ്ഥലത്ത് ഇന്ത്യൻ അസോസിയേഷനും ഉംലജിൽ വെൽഫെയർ അസോസിയേഷനും പ്രവർത്തിക്കുന്നു. നാൽപതും നാൽപത്തഞ്ചും വർഷമായി തബൂക്കിലുള്ള പഴയകാല പ്രവാസികളെയും ഈ യാത്രയിൽ കണ്ടുമുട്ടി.
നിയോം വികസനക്കുതിപ്പിന്റെ പര്യായം
സൗദി അറേബ്യയുടെ വികസന പഥത്തിലെ പ്രകാശ ഗോപുരമെന്ന് വിശേഷിപ്പിക്കാവുന്ന വിഷൻ-2030 ന്റെ ഭാഗമായി ലോക ഭൂപടത്തിൽ ഈ രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആസൂത്രണം ചെയ്ത നിയോം പദ്ധതിയുടെ ആസ്ഥാനം തബൂക്കാണ്. ലാറ്റിൻ ഭാഷയിൽ നൂതനം എന്ന് അർഥം വരുന്ന നിയോ, അറബി ഭാഷയിൽ ഭാവി എന്ന് അർഥം വരുന്ന മുസ്തഖ്ബൽ എന്ന വാക്കിന്റെ ആദ്യാക്ഷരവും ചേർത്താണ് ഈ പടുകൂറ്റൻ പദ്ധതിക്ക് നിയോം എന്ന് നാമകരണം ചെയ്തിട്ടുള്ളത്.
സൗദി, ഈജിപ്ത്, ജോർദാൻ അതിർത്തികൾ പങ്കിടുന്ന ഭൂപ്രദേശവും ചെങ്കടലോരവും ചേർന്ന് മൊത്തം 27,000 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് നിയോം പദ്ധതിയുടെ ആസ്ഥാന സമുച്ചയം പടുത്തുയർത്തുക. ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയേക്കാവുന്ന നിയോം പദ്ധതിയുടെ ആദ്യഘട്ട നിർമാണം 2025 ൽ പൂർത്തിയാകും.