കോഴിക്കോട്- എസ്.ഡി.പി.ഐയിൽനിന്ന് രാജിവെച്ച് മുസ്്‌ലിം ലീഗിൽ ചേർന്ന ദേശീയ ഓർഗനൈസർ അക്‌സർ നാറാത്ത് പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തന്നെ കാണാനെത്തിയ അക്‌സർ നടത്തിയ വെളിപ്പെടുത്തലിലേക്ക് വിരൽ ചൂണ്ടുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അക്‌സർ ഇക്കാര്യം വ്യക്തമാക്കിയത്.
പി.കെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കണ്ണൂരിൽ നിന്നും അക്‌സർ നാറാത്ത് കാണാൻ വന്നിരുന്നു. എസ്.ഡി.പി.ഐ യിൽ നിന്നും രാജി വെച്ച് ഈയിടെ മുസ്‌ലിം ലീഗിലേക്ക് കടന്ന് വന്ന ആളാണ്. എൻ.ഡി.എഫിന്റെ ദേശീയ ഓർഗനൈസറായിരുന്ന അക്‌സർ 25 വർഷത്തോളമായി അതിന്റെ പല വകഭേദങ്ങളിലും പ്രവർത്തിച്ചു വരികയായിരുന്നു. സംഘടനയുടെ ആശയ പാപ്പരത്തവും കാപട്യവും കണ്ട് മടുത്തിട്ടാണ് ഒടുവിൽ വിട പറയാൻ തീരുമാനിച്ചത്.
അഭിമന്യു കൊലക്കേസിൽ സി.പി.എം എസ്.ഡി.പി.ഐ യുമായി ഉണ്ടാക്കിയ ധാരണയെ കുറിച്ചുള്ള ഫെയിസ് ബുക്ക് പോസ്റ്റിനെ കുറിച്ച് പറഞ്ഞായിരുന്നു അക്‌സർ സംസാരിച്ചു തുടങ്ങിയത്. ഇത്തരം കള്ളക്കളികൾക്ക് പല തവണ മൂക സാക്ഷിയായി നിൽക്കേണ്ടി വന്നിട്ടുണ്ട് ഇദ്ധേഹത്തിന്. അഴീക്കോട് കെ.എം ഷാജിയും നികേഷ് കുമാറും മത്സരിച്ചപ്പോൾ എസ്.ഡി.പി.ഐ യുടെ കേഡർ വോട്ടുകൾ നികേഷിന് മറിച്ചു കൊടുക്കാൻ സി.പി.എമ്മുമായി ധാരണയുണ്ടാക്കിയത്രേ! എൻ.ഡി.എഫുകാരായ തലശ്ശേരിയിലെ ഫസലിനെയും ഇരിട്ടിയിലെ സൈനുദ്ധീനെയും സി.പി.എമ്മുകാർ കൊലപ്പെടുത്തിയപ്പോഴും നേതൃതലത്തിൽ അനിയൻ ബാവ ചേട്ടൻ ബാവ കളിക്കുകയായിരുന്നു ഇരു കൂട്ടരും.
വി.എച്ച്.പി നേതാവ് അശ്വിൻ കുമാറിനെ എൻ.ഡി.എഫുകാർ കൊലപ്പെടുത്തിയപ്പോൾ പുന്നാട് ആർ.എസ്.എസ് നടത്തിയ കലാപത്തിൽ 4 കോടിയുടെ നാശനഷ്ടങ്ങളാണുണ്ടായത്. 38 വീടുകളാണ് കൊള്ളയടിക്കപ്പെട്ടത്. എന്നാൽ നാശനഷ്ടങ്ങളുണ്ടായവരെ തിരിഞ്ഞ് നോക്കാതെ ആർ.എസ്.എസ്സുമായി കേസുകൾ കോംപ്രമൈസ് ചെയ്യുന്ന നിലപാടായിരുന്നു എൻ.ഡി.എഫ് നേതൃത്വം സ്വീകരിച്ചത്. ആർ.എസ്.എസ്സിനെതിരെയുള്ള അധികപ്രസംഗമൊക്കെ വൈകാരികതയുണ്ടാക്കി ആളെക്കൂട്ടാനുള്ള തന്ത്രങ്ങൾ മാത്രമായിരുന്നു എന്നതിന് അക്‌സറിന് ഇനിയും ഒരുപാട് പറയാനുണ്ട്.
കൊടിഞ്ഞി ഫൈസലിന്റെ കൊലപാതകവും ഇസ്‌ലാം മതം ആശ്ലേഷിച്ച ഹാദിയയുമൊക്കെ എസ്.ഡി.പി.ഐക്ക് വൈകാരികത ഉണ്ടാക്കാനുള്ള ഓരോ കാരണങ്ങൾ മാത്രമായിരുന്നു. അഖില@ഹാദിയ കേസിൽ, സുപ്രീം കോടതിയിൽ എസ്.ഡി.പി.ഐ എടുത്ത നിലപാട് ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ ഹസനുൽ ബന്ന എഴുതിയത് വായിച്ചിരുന്നു എന്ന് ഞാനും പറഞ്ഞു. കേസ് ജയിക്കുകയായിരുന്നില്ല പരമാവധി നീട്ടിക്കൊണ്ടു പോകുക എന്നതായിരുന്നു സംഘടനയുടെ താൽപ്പര്യം. അഭിഭാഷകർ, സംഘടനയുടെ താൽപ്പര്യത്തിന് വിരുദ്ധമായി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ ഹാദിയ ഇന്നും കോടതി വരാന്തയിലെ ഒരു കാഴ്ച വസ്തു ആയി മാറിയേനെ!
സംസാരം പിന്നെയും നീണ്ടു പോയി. എൻ.ഡി.എഫിന്റെ/എസ്.ഡി.പി.ഐയുടെ/പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൻമാർ എങ്ങിനെ വലിയ പണക്കാരായി എന്നതിനെ കുറിച്ചൊക്കെ ഒരുപാടു പറയാനുണ്ട് അക്‌സറിന്. യുവജന യാത്രയുടെ പ്രചാരണ പരിപാടികളിലാവാം അതൊക്കെ എന്ന് പറഞ്ഞാണ് അക്‌സർ മടങ്ങിയത്.
ബാബരി മസ്ജിദിന്റെ തകർച്ചയുടെ വൈകാരികത ചൂഷണം ചെയ്ത് തീവ്രവാദ പശ്ചാത്തലമുള്ള ചിലർ ഒരു സംഘടനയുണ്ടാക്കിയപ്പോൾ അക്‌സറിനെ പോലെ പലരും ഒരു ആവേശപ്പുറത്ത് അവിടെയെത്തിയതാണ്. എന്നാൽ ആ തെറ്റ് തിരുത്താനാണ് അദ്ദേഹം തയ്യാറായിരിക്കുന്നത്. അക്‌സറിനെ പോലെ പലരും വരും ദിവസങ്ങളിൽ ഹരിത രാഷ്ട്രീയത്തിലേക്ക് കടന്ന് വരും. യുവജന യാത്ര അതിനുള്ള വേദി കൂടിയാകുമെന്നുറപ്പാണ്.