കൊച്ചി- ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയെന്ന നടന്‍ സിദ്ദീഖിന്റെ മൊഴി പുറത്തു വന്നു. ദിലീപ് മുഖ്യപ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിനു സിദ്ദീഖ് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. ഇക്കാര്യം തന്നോട് നടി പറഞ്ഞിട്ടുണ്ടെന്നും ദിലീപിനോട് അന്വേഷിച്ചപ്പോള്‍ വ്യക്തിപരമായ കാര്യമാണ് ഇതില്‍ ഇടപെടരുതെന്നുമാണ് പറഞ്ഞതെന്നും സിദ്ദീഖിന്റെ മൊഴിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സി നടിമാര്‍ക്കെതിരെ പത്രസമ്മേളനം നടത്തുന്നതിനിടെ സിദ്ദീഖ് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമാണ് പോലീസിനു നേരത്തെ നല്‍കിയ അദ്ദേഹത്തിന്റെ മൊഴി. ആരാണ് അവസരം നഷ്ടപ്പെടുത്തിയതെന്ന് നടി തുറന്നു പറയട്ടെ എന്നായിരുന്നു തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സിദ്ദീഖ് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയാവുന്ന സിദ്ദീഖ് വസ്തുത മറച്ചുവച്ചാണ് കഴിഞ്ഞ ദിവസം സംസാരിച്ചതെന്ന് വ്യക്തമായി. നടിയും ദിലീപും തമ്മില്‍ തകര്‍ക്കമുണ്ടായിട്ടുണ്ടെന്നും ഇതില്‍ താന്‍ ഇടപെട്ടിരുന്നുവെന്നും സിദ്ദീഖ് സമ്മതിച്ചിരുന്നു. എന്നാല്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ അതിനു കാരണക്കാര്‍ ആരാണെന്ന് നടി തുറന്നു പറയണമെന്നായിരുന്നു സിദ്ദീഖി പറഞ്ഞത്.