കോഴിക്കോട്- കോഴിക്കോട്ട് വൻ കവർച്ചാ സംഘം പിടിയിൽ. രണ്ടാഴ്ചക്കിടെ പിടിയിലാവുന്ന രണ്ടാമത്തെ കവർച്ചാ സംഘമാണിത്. കസബ സി.ഐ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ സിജിത്തും സൗത്ത് അസി. കമ്മീഷണർ അബ്ദുറസാഖിന്റെ കീഴിലുള്ള സപെഷ്യൽ സക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പരിശോധനക്കിടയിൽ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പിന്തുടർന്ന് ജില്ലാ ജയിലിന് മുൻവശത്തു വെച്ചാണ് പ്രധാന പ്രതി ആഷിഖിനെ (27) പിടികൂടിയത്. പോലീസ് വാഹനം കൊണ്ട്് ബ്‌ളോക്ക് ചെയ്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ ഇയാളിൽ നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ ചെലവൂർ സ്വദേശികളായ ഷാനു ഷഹൽ (20), ഷബീർ അലി എന്നിവരേയും അവരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊക്കുന്ന് സ്വദേശി രാഘവ്, അതുൽ എന്നിവരെയും പോലീസ് പിടികൂടി.
പ്രതികളെ വിശദമായി ചോദ്യം ചെയതതിൽ നിന്ന് കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച ഒമ്പത് ബൈക്കുകളും, രണ്ട് കംപ്യൂട്ടറുകളും, ഒരു ടി.വി, രണ്ട് ടാബ്, എട്ട് ബാറ്ററി, മൂന്ന് മോട്ടോർ, നാല് സ്‌പോട്ട് ലൈറ്റ് എന്നിവ പോലീസ് പിടിച്ചെടുത്തു. സംഘത്തിലെ പ്രധാനിയായ മൂഴിക്കൽ സ്വദേശി അക്ഷയ് സജീവിനെ പോലീസിന് പിടികിട്ടിയിട്ടില്ല. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും മോഷ്ടിച്ച ബൈക്കുകൾ പൊളിച്ചു വിൽക്കുന്നതിൽ വിദഗ്ധനുമാണ് അക്ഷയ്.
റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി കാൽനടയായി ബസ് സ്റ്റാൻഡിലേക്ക് പോകുന്ന യാത്രക്കാർക്ക് വലിയ ഭീഷണിയായിരുന്നു ഇവർ. സംഘത്തിന്റെ നേതാവായ അമ്പായത്തോട്് ആഷിഖ് നഗരത്തിലെ നിരവധി കേസുകളിലെ പ്രതിയാണ്.
അനാശാസ്യം നടത്തുന്ന സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയും അസമയത്ത് യാത്ര ചെയ്യുന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണവും മൊബൈലും മറ്റും കവരുകയും ചെയ്തിട്ടുണ്ട്. സദാ സമയവും കൈയിൽ കത്തിയുമായി കറങ്ങുന്ന ഇയാൾ പലപ്പോഴും പോലീസിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ പിടിയിലായാൽ സ്വയം മുറിവേൽപ്പിച്ചും പരിക്കേൽപിച്ചും രക്ഷപ്പെടുകയാണ് പതിവ്. ഇയാളുടെ ശരീരത്തിൽ സ്വയം കീറിമുറിച്ച 150 ഓളം ഉണങ്ങിയ മുറിപ്പാടുകളുണ്ട്. സംഘത്തിലെ മറ്റൊരു പ്രതിയായ ഷബീർ അലി വെള്ളയിൽ അലി എന്ന പേരിലാണ് അറിയപ്പെടാറ്. ഇയാൾ മുമ്പ് മയക്കുമരുന്ന് കേസിൽ കുവൈത്ത് ജയിലിൽ കിടന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.