പാലക്കാട്- മലബാറില്‍ മെമു സര്‍വീസ് ആരംഭിക്കുന്നതിനൊരുങ്ങി റെയില്‍വേ. അടുത്ത ബജറ്റില്‍ പ്രഖ്യാപനം വന്നേക്കും. ഷൊര്‍ണൂര്‍ -മംഗലാപുരം റൂട്ടില്‍ ആവശ്യത്തിന് വൈദ്യുതി സബ്‌സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമായ സാഹചര്യത്തില്‍ കൂടുതല്‍ മെമു റേക്കുകള്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിംഗ് ഷമി റെയില്‍വേ മന്ത്രാലയത്തിന് കത്തു നല്‍കി. അനുഭാവപൂര്‍വമായ മറുപടിയാണ് ലഭിച്ചതെന്നും അടുത്ത ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട്ട് നിന്ന് നിലവില്‍ ഷൊര്‍ണൂരിലേക്കും എറണാകുളത്തേക്കും കോയമ്പത്തൂരിലേക്കും മാത്രമേ അതിവേഗ മെമു പാസഞ്ചര്‍ വണ്ടികള്‍ സര്‍വീസ് നടത്തുന്നുള്ളൂ.
മലബാറിലെ തീവണ്ടിപ്പാത വൈദ്യുതീകരണം കഴിഞ്ഞ സമയം തൊട്ടു തന്നെ ഈ റൂട്ടില്‍ മെമു പാസഞ്ചര്‍ വണ്ടികള്‍ക്കായി മുറവിളി ഉയരുന്നുണ്ട്. പാതയിരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായതോടെ ഷൊര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ തീവണ്ടികളുടെ റണ്ണിംഗ് സമയത്തില്‍ വലിയ മാറ്റം വന്നിരുന്നു. എന്നാല്‍ ഇതിന്റെ ഗുണം പറയത്തക്ക രീതിയില്‍ യാത്രക്കാര്‍ക്ക് ലഭിച്ചിട്ടില്ല. നിലവിലുള്ള വണ്ടികളുടെ സമയത്തില്‍ പുനഃക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍ സര്‍വീസ് വരണമെങ്കില്‍ ഇന്ധനലഭ്യത മെച്ചപ്പെടുത്തണമെന്ന നിലപാടിലായിരുന്നു അധികൃതര്‍. തിരൂരിലെ വൈദ്യുതി സബ്‌സ്റ്റേഷന്‍ കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ ഈ റൂട്ടിലുള്ള സബ്‌സ്റ്റേഷനുകളുടെ എണ്ണം ആറായി. കര്‍ണാടക അതിര്‍ത്തിയില്‍ മറ്റൊന്നിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
നിലവില്‍ ഷൊര്‍ണൂര്‍ - മംഗലാപുരം റൂട്ടിലോടുന്ന രണ്ട് എക്‌സ്പ്രസുകളും പാസഞ്ചറുകളും ഒഴികെ എല്ലാ വണ്ടികളും വൈദ്യുതി എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്. ഡീസല്‍ എന്‍ജിനില്‍ നിന്ന് വൈദ്യുതിയിലേക്ക് മാറുന്നത് റെയില്‍വേക്കും സാമ്പത്തികമായി മെച്ചമാണ്.